ഓസ്ട്രേലിയൻ ഓപ്പൺ : സായിയെ വീഴ്ത്തി ശ്രീകാന്ത് സെമിയിൽ

0
123

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ക്വാർട്ടർഫൈനലിൽ കെ.ശ്രീകാന്തിന് ജയം.പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ സായി പ്രണീതിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചത്. സ്‌കോർ: 25-23, 21-17. മത്സരം 43 മിനിറ്റ് നീണ്ടുനിന്നു. വനിതാ വിഭാഗത്തില്‍ പി.വി സിന്ധു സെമി കാണാതെ പുറത്തായി.

ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ ഗെയിം. പതിനൊന്ന് പോയിന്റ് വരെ സായി പ്രണീതിനായിരുന്നു നേരിയ മുൻതൂക്കം. പിന്നീട് മികച്ച വോളികളുമായി തിരിച്ചുവന്ന് ഗെയിം പിടിക്കുകയായിരുന്നു ശ്രീകാന്ത്.ഈ മികവ് രണ്ടാം ഗെയിമിൽ ആർത്തിക്കാൻ സായിക്കായില്ല. നാല് പോയിന്റ് വരെ ലീഡ് നേടിയ സായിപിന്നീട് മത്സരം വലിയ വെല്ലുവിളി ഉയർത്താതെ വിട്ടുകൊടുക്കുന്നതാണ് കണ്ടത്. ശ്രീകാന്തിന്റെ പരിചയസമ്പത്തിനും വേഗത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ സായിക്കായില്ല.

ഈ വർഷം നടന്ന സിംഗപ്പൂർ ഓപ്പണിന്റെ ഫൈനലിൽ സായിയോട് ഏറ്റ തോൽവിക്കുള്ള പ്രതികാരം കൂടിയായി ശ്രീകാന്തിന് ഇത്.ചൈനയുടെ നാലാം സീഡ് ഷി യുക്കിയോ ഡെൻമാർക്കിന്റെ ഹാൻസ്-ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിൻഗസോ ആയിരിക്കും ശ്രീകാന്തിന്റെ സെമിയിലെ എതിരാളി.ഈ സീസണിലെ ശ്രീകാന്തിന്റെ മൂന്നാമത്തെ സെമിഫൈനൽ പോരാട്ടമാണിത്. ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സൂപ്പർ സീരീസ് പ്രീമിയറിൽ വിജയിയായ ശ്രീകാന്ത് സിംഗപ്പൂർ ഓപ്പണിൽ റണ്ണറപ്പായി.

അതേസമയം, വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഒളിംപിക്‌സ് വെള്ളിമെഡൽ ജേതാവ് പി.വി. സിന്ധു ക്വാർട്ടറിൽ തോറ്റു പുറത്തായി. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്‌കോർ: 21-10, 20-22, 16-21.