ബി.ജെ.പി. പ്രവര്ത്തകന് കള്ളനോട്ട് അടിച്ച കേസില്‍ ഒ.ബി.സി. മോര്‍ച്ച നേതാവിനെയും പ്രതിചേര്‍ത്തു. പിടിയിലായ രാകേഷിന്റെ സഹോദരന് രാജീവിനെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്.
രാജീവും രാകേഷും ചേര്‍ന്ന് കള്ളനോട്ട് നല്കി കബളിപ്പിച്ചതു തീരദേശമേഖലയിലെ സാധാരണക്കാരെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള രാജീവ് കന്യാകുമാരി വഴി തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയില്‍ തിരച്ചില്‍ ശക്തമാക്കി.
യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കിഴക്കന്‍ മേഖല പ്രസിഡന്റായ രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍നിന്ന് ഇന്നലെ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. രാകേഷിനെ ചോദ്യം ചെയ്തതോടെ സഹോദരനും ബി.ജെ.പിയുടെ ഒ.ബി.സി. മോര്‍ച്ച കയ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവ് ഏരാച്ചേരിക്കും കള്ളനോട്ട് വ്യാപാരത്തില്‍ പങ്കുണ്ടെന്നു വ്യക്തമായി. കമ്പ്യൂട്ടര്‍ വിദഗ്ധരായ ഇരുവരും ചേര്‍ന്നാണു നോട്ടടിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പു മതിലകത്തെ പെട്രോള്‍ പമ്പില്‍ രാജീവ് 2000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നതായും കണ്ടെത്തി. അതേത്തുടര്‍ന്നാണു കേസെടുത്തത്. ഒരു മാസത്തിലേറെയായി ഇരുവരും വീട്ടില്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നെന്നാണു സൂചന. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് അടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികളും ലോട്ടറി വില്‍പ്പനക്കാരും അടക്കമുള്ള സാധാരണക്കാര്‍ക്കാണു കള്ളനോട്ടുകള്‍ നല്കി വഞ്ചിച്ചത്.