കശ്മീരിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ്

0
89

ഡിവൈ.എസ്.പിയെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പരമാവധി നിയന്ത്രണത്തോടെ പെരുമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രതികരിക്കേണ്ട രീതി ഇതല്ലെന്നും കശ്മീരിലെ സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം നടപടികളില്‍നിന്നു വിട്ടുനില്‍ക്കാനും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

ഡിവൈ.എസ്.പി. മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണു ശ്രീനഗറിലെ നൗഷേരയില്‍ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അശാന്തമായി തുടരുന്ന സാഹചര്യത്തില്‍, ഇത്തരം പ്രകോപനങ്ങള്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കും. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ നിലപാട് ഇതാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാവുകയേയുള്ളൂ. ഈ രീതിയില്‍ എത്രകാലം നമുക്കു മുന്നോട്ടുപോകാന്‍ സാധിക്കും? ഇങ്ങനെ പോയാല്‍ പണ്ട് പൊലീസ് ജീപ്പ് കാണുമ്പോള്‍ ഓടിരക്ഷപ്പെട്ടിരുന്ന കാലത്തേക്കു കശ്മീരിലെ ജനങ്ങള്‍ക്കു തിരിച്ചുപോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.