ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഡിവൈ.എസ്.പിയെ ഒരു സംഘം ആളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ നൗഷേറയിലുള്ള ജാമിയ മുസ്ലിം പള്ളിക്കു പുറത്ത് സുരക്ഷാവിഭാഗത്തിലെ ഡിവൈ.എസ്.പി. മുഹമ്മദ് അയൂബ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെന്നും പള്ളിയില്‍ പ്രാര്‍ഥനക്കുപോയ മുഹമ്മദിനെയാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ചിലര്‍ വന്ന് അദ്ദേഹത്തെ പള്ളിക്കു പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രകോപിതനായ ഡിവൈ.എസ്.പി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തോക്കെടുത്തു വെടിവച്ചു. മൂന്നുപേര്‍ക്ക് ഇതില്‍ പരുക്കേറ്റു. ഇതിനകംതന്നെ ആളുകള്‍ മുഹമ്മദിന്റെ അടിക്കാനും തൊഴിക്കാനും ആരംഭിച്ചിരുന്നു. ഇത് മരണത്തില്‍ കലാശിക്കുകയുമായിരുന്നു.
മുഹമ്മദിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ ഓടി രക്ഷപ്പെട്ടതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മുഹമ്മദ് വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും അദ്ദേഹം സ്ഥിരമായി ഈ പള്ളിയില്‍ വരുന്നതാണെന്നും പലര്‍ക്കും അദ്ദേഹത്തെ അറിയാമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.