കേരളത്തിനാവശ്യമായ അരി തരും ; മുഖ്യമന്ത്രിക്ക് ആന്ധ്രയുടെ ഉറപ്പ്

0
113

കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശിൽ നിന്നും ലഭ്യമാകും. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നടത്തിയ ഫോൺസംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ ചർച്ചകൾക്കായി കേരളത്തിന്റെ ‘ഭക്ഷ്യ സിവിൽ സപ്‌ളൈസ് മന്ത്രിയും കൃഷിമന്ത്രിയും ആന്ധ്രാപ്രദേശ് സന്ദർശിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂർത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചർച്ചകൾ നടത്തിയിരുന്നു. അതിനെത്തുടർന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹൻ റെഡ്ഡി എന്നിവരുമായി ചർച്ചകൾ നടത്തി. ഈ ചർച്ചകൾക്ക് ശേഷമാണ് കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കുവാൻ ചന്ദ്രബാബു നായിഡു നിർദേശം നൽകിയത്.