കൊച്ചി മെട്രോയിലെ ചോർച്ച: പ്രചാരണം തെറ്റെന്ന് കെഎംആർഎൽ

0
103

കൊച്ചി മെട്രോ ട്രെയിൻ മഴയിൽ ചോരുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് കെഎംആർഎൽ. കോച്ചുകളിൽ കണ്ടത് എസിയിൽ നിന്നുള്ള വെളളമാണ്. ട്രെയിനിലെ എയർ കണ്ടീഷണർ ഫിൽറ്ററിലെ തകരാറാണ് ഇതിന് കാരണമെന്നും കെഎംആർഎൽ അധികൃതർ വിശദീകരിച്ചു.

എയർകണ്ടീഷണറിൽ നിന്നുള്ള വെള്ളം പുറത്തേക്ക് പോകുന്ന കുഴൽ ട്രെയിനിന്റെ താഴെയാണ് ഘടിപ്പിച്ചിരിക്കുന്നത്. വളവുകളിൽ കൂടി പോകുമ്പോൾ ഈ വെന്റ് തേർഡ് റെയിലിൽ തട്ടി ജാമായതിനാൽ വെള്ളം പോകുന്നത് തടസപ്പെട്ടു. ഇത് എസിക്കുള്ളിലൂടെ ഒഴുകിയതാണ് ചോർച്ചയായി തെറ്റിദ്ധരിച്ചത്.

പ്രശ്നം കണ്ടെത്തിയ ട്രെയിൻ മുട്ടം യാർഡിൽ എത്തിച്ചു. ട്രെയിനുകൾ നിർമിച്ചു നൽകിയ അൽസ്റ്റോം കമ്പനി തന്നെയാണ് പ്രശ്നം പരിഹരിക്കുന്നത്. മറ്റു ട്രെയിനുകളിലും ഈ തകരാർ വരാനിടയുള്ളതുകൊണ്ട് അവയും പരിശോധിക്കും. കൊച്ചി മെട്രോയ്ക്കായി നിർമിച്ചു നൽകാനിരിക്കുന്ന ട്രെയിനുകളും ഈ പ്രശ്നം പരിഹരിച്ചേ നിർമാണം പൂർത്തിയാക്കൂ എന്നും കെഎംആർഎൽ വ്യക്തമാക്കി.