ചൈനയിൽ പട്ടിയിറച്ചി മേള ആരംഭിച്ചു

0
121

ബെയ്ജിങ്: വിലക്കുകളുണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കൊടുവിൽ ചൈനയിൽ പട്ടി ഇറച്ചി മേള ആരംഭിച്ചു. ചൈനയിലെ യുലിൻ നഗരത്തിലാണ് പ്രസിദ്ധമായ പട്ടി ഇറച്ചി മേള ആരംഭിച്ചത്.  10 ദിവസം നീളുന്ന നായ ഇറച്ചി മേളയിൽ 15000ത്തോളം നായകളെ കൊല്ലുന്നു എന്നാണ് കണക്ക്. ലിച്ചി പഴവും ഇറച്ചിക്കൊപ്പമുള്ള പ്രധാന വിഭവമാണ്. യുലിൻ ലിച്ചി നായ ഇറച്ചി ആഘോഷമെന്നും ഈ മേള അറിയപ്പെടുന്നു.

മേള മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് ആരോപിച്ച് വിവിധ സന്നദ്ധസംഘടനകൾ രംഗത്തുണ്ട്. ജീവനോടെ നായകളുടെ തൊലിയുരിക്കുന്നതും തിളച്ച വെള്ളത്തിൽ മുക്കുന്നതുമടക്കമുള്ള ക്രൂരകൃത്യങ്ങൾക്കെതിരെയാണ് സന്നദ്ധ സംഘടനകളുടെ എതിർപ്പ്. രുചികരമായ വിഭവങ്ങൾക്കായി ആയിരക്കണക്കിന് നായകളെയാണ് മേളയിൽ കൊന്നൊടുക്കുന്നത്.


ചൈനയിൽ നായ ഇറച്ചിക്ക് പേരുകേട്ട യുലിനിൽ പതിറ്റാണ്ടുകളായി മേള നടത്തിവരുന്നു. വിവിധ ഇനത്തിലുള്ള വളർത്തുപക്ഷികൾ, മത്സ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയും പ്രദർശനത്തിൽ അണിനിരക്കുന്നു. ഇന്ന് യുലിനിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ ആഘോഷം.

യുലിൻ ഭരണകൂടമാണ് നേരത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള മൃഗസംരക്ഷണ സംഘടനകളിൽ നിന്നും പ്രമുഖ വ്യക്തികളിൽ നിന്നും വലിയ വിമർശനങ്ങൾ നേരിടാൻ തുടങ്ങിയതോടെ പ്രാദേശിക ഭരണകൂടം മേള സംഘടിപ്പിക്കുന്നത് അവസാനിപ്പിച്ചു. പ്രദേശത്തെ ഇറച്ചി വ്യാപാരികളും നാട്ടുകാരും ചേർന്നാണ് ഇപ്പോൾ മേള നടത്തുന്നത്.