തിരുവനന്തപുരത്ത് ടക്കിയോട് മോശമായി പെരുമാറിയ ഡ്രൈവറെ യൂബര്‍ പുറത്താക്കി

0
95

യാത്രാവേളയില്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ യൂബര്‍ പുറത്താക്കി. 32 കരനായ സന്തോഷ്‌കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു.

ഈ മാസം ആദ്യം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി യുവതിയുടെ പേരില്‍ കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്.

ജൂണ്‍ 13ന് രാത്രി എട്ടോടെ ആക്കുളത്തിനടുത്തുവച്ചാണ് സംഭവം നടന്നത് ടെക്നോപാര്‍ക്ക് ഫേസ് മൂന്നിലെ സ്ഥാപനത്തില്‍ നിന്ന് രാത്രി 7.30ഓടെ ഇറങ്ങിയ യുവതി സ്ഥിരം ഓട്ടോ കിട്ടാത്തതിനാല്‍ താമസസ്ഥലമായ ജഗതിയിലേക്ക് പോകാന്‍ യൂബര്‍ ടാക്സി വിളിച്ചു. യാത്ര തുടങ്ങിയപ്പോള്‍ മാന്യമായി ഇടപെട്ട ഡ്രൈവര്‍ അല്‍പ്പ സമയത്തിനകം പരിചയപ്പെടാന്‍ ശ്രമമാരംഭിച്ചു. ഒഴിഞ്ഞ റോഡിലൂടെ പോകുന്നതിനിടെ ആക്കുളം ഭാഗത്തെത്തിയപ്പോള്‍ സ്വന്തം സീറ്റിന് പിന്നിലേക്ക് പിടിച്ചിരുന്ന ഇടതുകൈ ഉപയോഗിച്ച് യുവതിയുടെ കാല്‍പ്പാദത്തില്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്രോള്‍ പമ്പിനടുത്തേക്ക് മാറ്റി നിര്‍ത്തുകയും യുവതി ഇറങ്ങുകയും ചെയ്തു. ഡ്രൈവര്‍ യാതൊരു വികാരവുമില്ലാതെ ക്ഷമ ചോദിച്ച് പോയി. സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് യുവതി തിരികെ വീട്ടിലെത്തിയത്.

യൂബറില്‍ പരാതി അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന സന്ദേശം മാത്രമാണ് നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയതിനു ശേഷമാണ് കമ്പനി ഡ്രൈവറെ പുറത്താക്കിയത്.