തൊഴിലുറപ്പ് :കേരളത്തിനുള്ള 670 കോടി അടുത്തയാഴ്ച

0
94

തൊഴിലുറപ്പ് കൂലിയിനത്തിൽ കേരളത്തിനു 2013 മുതൽ ലഭിക്കേണ്ട 670 കോടി രൂപ ഈമാസം 30 നകം നൽകുമെന്ന് കേന്ദ്രം.കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറുമായി കെ സി വേണുഗോപാൽ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ വൈകിപ്പിച്ചതാണ് കുടിശികയ്ക്ക് കാരണമായതെന്ന് മന്ത്രി തോമർ അറിയിച്ചു.

വർഷത്തിൽ 100 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി പ്രകാരം തൊഴിലെടുത്ത് പരമാവധി 14 ദിവസത്തിനുളളിൽ കൂലി നൽകണം. എന്നാൽ 2013 മുതൽ തൊഴിലുറപ്പിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് കൈമാറുന്നതിൽ സംസ്ഥാനം വീഴ്ച്ചവരുത്തി. ഇതോടെ കുടിശിക 500 കോടി കവിഞ്ഞു. കൂലി കിട്ടാതെ തൊഴിലാളികൾ പട്ടിണിയിലായതോടെ കുടിശികയ്ക്ക് സംസ്ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചു. സമ്മർദ്ദവുമായി എംപിമാരും രംഗത്തെത്തിയതോടെയാണ് കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചത്.തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കണക്കുകൾ കൈമാറുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം കെ സി വേണുഗോപാൽ പറഞ്ഞു.