നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകന്റെ മൊഴിയെടുക്കും

0
114

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രമുഖ സംവിധായകനിൽനിന്ന് പൊലീസ് മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ മോഷണക്കേസ് പ്രതി ജിൻസിൽനിന്ന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് മൊഴി ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. മിമിക്രിവഴി സിനിമയിലെത്തിയ യുവസംവിധായകനിൽനിന്നാണ് പൊലീസ് മൊഴിയെടുക്കുക. യുവസംവിധായകന് ഇതുസംബന്ധിച്ച അറിവുണ്ടെന്ന് ജിൻസ് പറഞ്ഞതായാണ് സൂചന. കഴിഞ്ഞദിവസം എഡിജിപി ബി സന്ധ്യ നടിയെ  ആലുവ ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തിരുന്നു. അതേസമയം, ജിൻസിന്റെ പുതിയ വെളിപ്പെടുത്തൽ ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണവേളയിൽ പൾസർ സുനി പൊലീസിൽനിന്നു മറച്ചുവച്ച വിവരങ്ങളാണ് കാക്കനാട് ജില്ലാജയിലിൽ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിൻസിനോട് വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ള ഒരാൾ ഏൽപ്പിച്ചതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സുനി ജിൻസിനോട് വെളിപ്പെടുത്തിയത്. ഈ വിവരം ലഭിച്ച പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതിയിൽ ജിൻസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷനൽകി. കോടതി ഇത് അനുവദിച്ചിട്ടുണ്ട്. തീയതി പിന്നീട് തീരുമാനിക്കും.

ക്വട്ടേഷനാണെന്നും അതിനോട് സഹകരിക്കണമെന്നും ആക്രമിക്കുന്നതിനുമുമ്പ് പൾസർ സുനി പറഞ്ഞതായി നടി പൊലീസിൽ മൊഴിനൽകിയിരുന്നു. എന്നാൽ, ഈ വിവരം പൾസർ സുനി നിഷേധിച്ചു. തുടർന്നാണ് കേസിൽ പിടിയിലായ ഏഴുപേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്. ആദ്യ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യനീക്കം നടത്തുകയായിരുന്നു. ജിൻസിന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയശേഷം കോടതിയുടെ അനുമതിയോടെ ഔദ്യോഗികമായി തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

കേസിൽ പൾസർ സുനി ഉൾപ്പെടെ ഏഴുപേർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ഒന്നാംപ്രതി പൾസർ സുനി, ഡ്രൈവർ മാർട്ടിൻ, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർളി എന്നിവരാണ് ജയിലിലുള്ളത്. ഫെബ്രുവരി 17നു രാത്രിയാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്കുവന്ന നടിയുടെ വാഹനം തട്ടിയെടുത്ത് നടിയെ ആക്രമിച്ചത്.