നന്ദി ഉമ്മൻ ചാണ്ടിസാർ, ധന്യവാദ് കോൺഗ്രസ് ആദ്മിയോം…

0
222

മെട്രോയുടെ പിതൃത്വം ആർക്കെന്ന ചോദ്യത്തിനൊടുവിൽ മെട്രോ യാത്ര നടത്തിയ പത്ര ഫോട്ടാഗ്രാഫർ ജോസുട്ടി പനക്കൽ വൺ മെട്രോ കാർഡ് ഉപയോഗിച്ചു നടത്തിയ യാത്രയുടെ വിവരണമാണ്. ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ യാത്ര സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നില്ല…

നന്ദി കോൺഗ്രസ് പ്രവർത്തകരേ, കൊച്ചി മെട്രോ റെയിലിനും എനിക്കും പുതിയൊരു പാഠം പഠിക്കാൻ അവസരം തന്നതിന്. മെട്രോ ട്രെയിനിൽ കയറുന്നതിനായുള്ള കൊച്ചി വൺ കാർഡ് അമ്പാട്ടുകാവ് സ്റ്റേഷനിൽ ഒന്നര മണിക്കൂർ ക്യൂ നിന്നതിനുശേഷം ഞാൻ നേടിയത് ഇരുപതാം തീയതി മൂന്നരയോടെയായിരുന്നു. കാർഡ് പരീക്ഷിക്കാൻ എൻട്രി ഗേറ്റിലെ യന്ത്രത്തിൽ ‘ഇൻ’ ചെയ്ത് അതേ സ്റ്റേഷനിൽ നിന്നും പാലാരിവട്ടത്തിനു പോകാൻ ട്രെയിനിൽ കയറി. ആ ട്രെയിനിന്റെ പിന്നിലെ കോച്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിക്കുന്നത് ആർപ്പുവിളിയും ബഹളവും കേട്ടാണ് ശ്രദ്ധിച്ചത്. അദ്ദേഹം പാലാരിവട്ടത്ത് എത്തുമ്പോഴുള്ള പൊതുസമ്മേളനം ജോലിചെയ്യുന്ന മാധ്യമ സ്ഥാപനത്തിനായി കവർ ചെയ്യാനുള്ള ചുമതലയും എനിക്കായിരുന്നു. ഏതായാലും ആർപ്പും ഉന്തും തള്ളുമൊക്കെയായി ട്രെയിൻ പാലാരിവട്ടത്തെത്തിയതോടെ വേഗം പുറത്തുകടക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. കൊച്ചി മെട്രോ കാർഡ് ‘എക്‌സിറ്റ്’ അടിക്കാനുള്ള ഗേറ്റുകളൊക്കെ ഓഫ് ചെയ്ത് തുറന്നിട്ടിരിക്കുന്നു. പ്രവർത്തകർക്കൊപ്പം ഞാനും നിലം തൊടാതെ ഒഴുകി പുറത്തെത്തി. സമ്മേളനമൊക്കെ കവർചെയ്തു തിരിച്ച് പാലാരിവട്ടം സ്റ്റേഷനിലെത്തി ചുമതലക്കാരായ കുടുംബശ്രീക്കാരോട് എനിക്ക് എക്‌സിറ്റടിക്കാൻ പറ്റിയിട്ടില്ലെന്നും നിങ്ങൾ ഗേറ്റുകളെല്ലാം ഓഫ് ചെയ്തതാണു കാരണമെന്നും അറിയിച്ചു. ആ കുടുംബ’സ്ത്രീ’കൾ വീട്ടമ്മമാരുടെ അതേ വാത്സല്യത്തോടെ ‘അത് കുഴപ്പമില്ല ഇനി യാത്രചെയ്യുമ്പോൾ ഇൻ ചെയ്താൽ മതി’ എന്ന് അറിയിച്ചു. ഞാൻ ഓഫിസിലേക്ക് തിരിച്ചും പോയി.

48 മണിക്കൂറുകൾക്കുശേഷം ഇന്ന് അടുത്ത സ്റ്റോറി ചെയ്യാനായി കമ്പനിപ്പടി സ്റ്റേഷനിലെത്തി അകത്തേക്ക് കടക്കാനുള്ള യന്ത്രത്തിൽ കാർഡ് വച്ചപ്പോഴതാ ചുവന്ന ലൈറ്റുകത്തി ‘വശപിശക്’ കാണിക്കുന്നു. കസ്റ്റമർ കെയറിലെ അടുത്ത കുടുംബശ്രീയെ സമീപിച്ചു ഉമ്മൻചാണ്ടി സംഭവവും എക്‌സിറ്റ് ഗേറ്റ് തുറന്നിട്ടതും കുടുംബ ‘സ്ത്രീ’ ഉപദേശവുമെല്ലാം വിവരിച്ചു. അവിടുത്തെ എക്‌സിറ്റിൽ അവർതന്നെ കൊണ്ടുപോയി കാർഡ് സ്‌കാൻ ചെയ്തുനോക്കി. ’48 മണിക്കൂർ നേരം കൊച്ചി മെട്രോയിൽ കറങ്ങിനടന്ന ഭീകരനെ യന്ത്രം ചുമ്മാ വിടുമോ?’ കാർഡെടുത്ത സ്റ്റേഷനിലേക്കുതന്നെ പോകാൻ അവർതന്നെ സ്‌നേഹപൂർവം മെട്രോയിൽ കയറ്റിവിട്ടു. ഈ സ്റ്റേഷനിൽ നിന്നും ആ സ്റ്റേഷനിലേക്ക് ഇങ്ങനൊരു ഭീകരൻ വരുന്നതായും സന്ദേശം കൊടുത്തു. അവിടെ ചെല്ലുമ്പോൾ അതാ അവിടുത്തെ കുടുംബശ്രീ സുസ്‌മേരവദനയായി കാത്തുനിൽക്കുന്നു. കാർഡുവാങ്ങി ഹിന്ദി സംസാരിക്കുന്ന സ്ത്രീക്ക് കൈമാറി. ഈശ്വരാ ! ഞാൻ കുടുങ്ങി… ‘ഹിന്ദി മാലും നഹിം’. ‘ഉമ്മൻചാണ്ടി- പാലാരിവട്ടം എക്‌സിറ്റ് ഗേറ്റ് – പൂരാ ഓപ്പൺ ഹുവാ’ ഒക്കെ കേട്ടപ്പോൾ വിഷമം തോന്നി കഥയൊക്കെ ഇംഗ്ലീഷിൽ വിവരിച്ചാൽ മതിയെന്ന് അവർ പറഞ്ഞു. ‘പഴയ ഇംഗ്ലീഷ് ടീച്ചർമാരെ മനസിൽ ധ്യാനിച്ച് മെട്രോ രാഗത്തിൽ ഒരു കാച്ചങ്ങുകാച്ചി’. അത് ഏറ്റു, കാർഡുവാങ്ങി അകത്തെ കംപ്യൂട്ടറിലേക്ക് കണക്ടുചെയ്ത് എവിടേക്കൊക്കെയോ ഫോൺചെയ്തു. ആറുതവണ പാസ്വേഡൊക്കെ അടിപ്പിച്ച് പതിനഞ്ചുമിനിറ്റുകൊണ്ട് കാര്യം രക്ഷപെടുത്തിത്തന്നു. അന്നത്തെ പാലാരിവട്ടം യാത്രയുടെ മാത്രം ചാർജ് കാർഡിൽ നിന്നും കുറഞ്ഞിരിക്കുന്നു. നന്ദി പേരറിയാത്ത ഹിന്ദിക്കാരീ… നന്ദി ഉമ്മൻ ചാണ്ടിസാർ, ധന്യവാദ് കോൺഗ്രസ് ആദ്മിയോം…