പനി: സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം

0
77

സംസ്ഥാനത്താകെ പനി നിയന്ത്രണാതീതമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാറും ആരോഗ്യവകുപ്പും പനി നിയന്ത്രിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആരോപിച്ചു.

എന്നാല്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും, സമരമാര്‍ഗങ്ങളിലേക്ക് കടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ശുചീകരണം നടത്താനും സര്‍ക്കാറിന് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ നിയമസഭയില്‍ പനി തടയുന്നതിന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോള്‍ അത് അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറും ആരോഗ്യവകുപ്പും പരാജയപ്പെട്ടുവെന്നും, ഇത് സാധാരണക്കാരെ ദുരിതത്തിലാക്കിയെന്ന് ബി.ജെ.പിയും ആരോപിച്ചു. അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തണമെന്നും പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കും.

പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണപഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാം. ഈ തുക പിന്നീട് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചു നല്‍കും.

പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ബഹുജന പങ്കാളിത്തത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ സ്‌കൗട്ട്, ഗൈഡ് എന്‍.സി.സി പ്രവര്‍ത്തകര്‍ക്കെപ്പം എല്ലാ വിദ്യാര്‍ഥികളും പങ്കാളികളാകണമെന്ന് സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും 27, 28, 29 തിയ്യതികളിലായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം.

ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ഓടകളും വൃത്തിയാക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴിലുള്ള സബ് സെന്ററുകള്‍ പ്രവര്‍ത്തന ക്ഷമമാക്കും. 27നു മുമ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍വകക്ഷി യോഗം വിളിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.