പി.എസ്.എൽ.വി സി-38 ഇന്ന് വിക്ഷേപിക്കും

0
104

വിദേശരാജ്യങ്ങളുടെ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ കേന്ദ്രത്തിൽനിന്ന് രാവിലെ 9.20നാണ് വിക്ഷേപണം. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് -രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആർ.ഒ ഒറ്റവിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിക്കുന്നത്. വിക്ഷേപണത്തിനുള്ള 28 മണിക്കൂർ കൗണ്ട്ഡൗൺ വ്യാഴാഴ്ച രാവിലെ 5.29ന് ആരംഭിച്ചു.
കർട്ടോസാറ്റ് -രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്. ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ തക്കല നൂറുൽ ഇസ്ലാം യൂനിവേഴ്‌സിറ്റി നിർമിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് ബാക്കിയുള്ള ഉപഗ്രഹങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു.