ബെഹ്റയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു, വിജിലന്‍സില്‍ ഹേമചന്ദ്രന്‍

0
145

അടുത്ത വെള്ളിയാഴ്ച വിരമിക്കുന്ന ടി.പി. സെൻകുമാറിനുപകരം പോലീസ് മേധാവി സ്ഥാനത്ത് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ തിരിച്ചെത്തും. സുപ്രീംകോടതിവിധിയെത്തുടർന്ന് സെൻകുമാർ പോലീസ് മേധാവി ആയതോടെയാണ് ബെഹ്റ വിജിലൻസ് ഡയറക്ടറാകുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ പഴയപദവി തിരിച്ചുനൽകാമെന്ന് സർക്കാർ ബെഹ്റയ്ക്ക് ഉറപ്പുനൽകിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായേക്കും.

ഡി.ജി.പി.യായിരിക്കെ പോലീസ് ആസ്ഥാനത്ത് ഒപ്പമുണ്ടായിരുന്ന വിശ്വസ്തരെ ബെഹ്റ വിജിലൻസിലേക്ക് കൊണ്ടുപോയിട്ടില്ല. ഇവരൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേഷൻ എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ ഓഫീസിലുണ്ട്. തിരികെയെത്തുമെന്ന പ്രതീക്ഷയിലാണിതെന്ന് അറിയുന്നു.

കഴിഞ്ഞമാസം പോലീസ് ആസ്ഥാനത്ത് സെൻകുമാറും തച്ചങ്കരിയും തമ്മിലുണ്ടായ കശപിശയ്ക്ക് സാക്ഷിയായിരുന്ന ഐ.ജി. ബൽറാംകുമാർ ഉപാധ്യായ അവധികഴിഞ്ഞ് തിരിച്ചെത്തി. വിജിലൻസ് ആസ്ഥാനത്തെത്തി ബെഹ്റയെ കണ്ടശേഷമാണ് അദ്ദേഹം ജോലിയിൽപ്രവേശിച്ചത്. ബെഹ്റയുടെ മടങ്ങിവരവിന്റെ സൂചനയായി ഈ കൂടിക്കാഴ്ചയും വ്യാഖ്യാനിക്കപ്പെടുന്നു.

ആകെ നാല് ഡി.ജി.പി. തസ്തികകളാണ് കേരളത്തിനുള്ളത്. നിലവിൽ ടി.പി. സെൻകുമാർ, ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരാണ് ഈ തസ്തികകളിൽ ഉള്ളത്. യു.ഡി.എഫ്. സർക്കാർ സ്ഥാനക്കയറ്റം നൽകിയ എ. ഹേമചന്ദ്രൻ, എൻ. ശങ്കർറെഡ്ഡി, രാജേഷ് ദിവാൻ, ബി.എസ്. മുഹമ്മദ് യാസിൻ എന്നിവരും ഡി.ജി.പി. പദവിയിലുണ്ട്. കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് ഇപ്പോഴും എ.ഡി.ജി.പി.യുടെ ശമ്പളമാണ് ലഭിക്കുന്നത്.

സെൻകുമാർ വിരമിക്കുമ്പോൾ എ. ഹേമചന്ദ്രൻ ഡി.ജി.പി.യാകും. അദ്ദേഹം വിജിലൻസ് ഡയറക്ടറായേക്കും. ഐ.എം.ജി. ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് വിജിലൻസ് തലപ്പത്തേക്ക് തിരിച്ചുവരാനിടയില്ല. വിജിലൻസിൽ അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളിൽ പരിശോധന നടന്നുവരികയാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.