മൂന്നുവയസായ മകളുടെ ചെവിമുറിച്ച് യുവാവ് പിശാചിനെ സന്തോഷിപ്പിച്ചു

0
50

മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്ത് യുവാവ് പിശാചിനെ സന്തോഷിപ്പിച്ചു. കഴുത്തിലേക്ക് കത്തിചൂണ്ടവേ നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും ചെയ്തതിനാല്‍ പെണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി.

കിഴക്കന്‍ ഡല്‍ഹിയിലെ ഷാദരയില്‍ നടന്ന സംഭവത്തില്‍ 35 കാരനായ അമൃത് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ഇയാല്‍ നല്‍കിയ മൊഴി. കുട്ടിയുടെ ചെവി പിശാചിന് സമര്‍പ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടര്‍ന്ന് കഴുത്തിലെ ഞെരമ്പ് മുറിക്കാന്‍ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ഏറെ നേരം ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വേദനയെ തുടര്‍ന്ന് നിലവിളിച്ച കുട്ടിയോട്, എല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്നും അമൃത് പറഞ്ഞു. തടയാനെത്തിയ ഭാര്യയെ മര്‍ദിക്കുകയും വീട് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതിനു ശേഷം മറ്റ് അഞ്ച് കുട്ടികളെയും മുറിയില്‍ പൂട്ടിയിടുകയും ചെയ്ത ശേഷമായിരുന്നു ക്രൂരകൃത്യം. ഭാര്യ നിലവിളിച്ചതുകേട്ട് ഓടിക്കൂടിയവരാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിച്ചത്.