ശ്രീനഗർ: മോസ്കിൽനിന്നും പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ജമ്മു കശ്മീർ ശ്രീനഗറിലെ നൗഹാട്ട പ്രദേശത്താണ് സംഭവം.
പള്ളിയിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്ന ചിത്രം പകർത്തുന്നത് കണ്ട ജനക്കൂട്ടം യുവാവിനെ പിടികൂടി. ചോദ്യം ചെയ്തെങ്കിലും വെളിപ്പെടുത്താൻ തയാറായില്ല. ഇതിനിടെ പരിഭ്രമപ്പെട്ട യുവാവ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്തു. വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇതിൽ രോഷാകുലരായ ജനക്കൂട്ടം യുവാവിനെ മർദിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.