രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തങ്ങളുടെ ശക്തിപ്രകടനമായാണ് പത്രികാ സമര്‍പ്പണത്തെ എന്‍.ഡി.എ. കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എയുടെ മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ തുടങ്ങി നേതാക്കളുടെ നിരതന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു തുടങ്ങിയവരും പത്രിക സമര്‍പ്പിക്കുന്നതിനു സാക്ഷ്യം വഹിക്കാനെത്തി. എന്‍.ഡി.എയിലെ ഘടകക്ഷികള്‍ക്കു പുറമേ ജെ.ഡി.യു., ടി.ആര്.എസ്., ഐ.എ.എ.ഡി.എം.കെ., വൈ.എസ്.ആര്. കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ പാര്‍ട്ടികളില്‍ മിക്കതിന്റെയും നേതാക്കളും ചടങ്ങിനെത്തി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇനിയും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത പ്രാദേശിക പാര്‍ട്ടികളെ തങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള ഒരു മാനസിക സമ്മര്‍ദമെന്ന നിലയില്‍ കൂടിയാണ് എന്‍.ഡി.എ. ശക്തിപ്രകടനത്തോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നടത്തിയത്.