റേഷന്‍ തരുന്ന സര്‍ക്കാര്‍ ദരിദ്രന്‍ ആണെന്ന് വീട്ടുചുവരില്‍ ചാപ്പയും അടിക്കും

0
3367


രാജസ്ഥാനിൽ റേഷൻ അനുകൂല്യം കൈപ്പറ്റുന്നവരുടെ വീടിനു പുറത്ത് ‘ഞാൻ ദരിദ്രനാണ്’, ‘ഞാൻ പരമദരിദ്രനാണ്’ എന്നിങ്ങനെയുള്ള ബോർഡ് സ്ഥാപിച്ച് ബിജെപി സർക്കാരിന്റെ പരിഹാസ്യം . വസുന്ധര രാജെ സിന്ധ്യ സർക്കാരാണ് റേഷൻ നൽകുന്നതിന്റെ പേരിൽ ജനങ്ങളുടെ ദാരിദ്രത്തെ അപഹസിച്ച് പാവങ്ങളുടെ വീടിനുമുന്നിൽ ബോർഡുപതിക്കുന്നത്.

മഞ്ഞ നിറത്തിലുളള ബോർഡുകളിലാണ് ഈ ‘അർഹത’ എഴുതി പതിപ്പിക്കുന്നത്. സർക്കാരിൽ നിന്നും കുടുംബം അനുകൂല്യം കൈപ്പറ്റുന്നു എന്നും ബോർഡിൽ എഴുതി ചേർക്കുന്നുണ്ട്. ദൌസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വീടുകളുടെ മുന്നിലാണ് സർക്കാർ ഇങ്ങനെ ബോർഡുകൾ സ്ഥാപിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ലഭിക്കുന്ന റേഷന്റെ വിഹിതം ഉൾപ്പടെയുള്ള വിവരങ്ങളാണ് വീടുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരേ വീടിന് മുന്നിൽ തന്നെ ഒന്നും രണ്ടും തവണ ഇത്തരത്തിൽ എഴുതിവെച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ആശയമെന്നാണ് സർക്കാരിന്റെ വിചിത്രമായ ന്യായം.

ഒരൽപ്പം ഗോതമ്പിനുവേണ്ടിയാണ് തങ്ങൾ ഈ അപമാനം സഹിക്കേണ്ടി വരുന്നതെന്ന് ഗ്രാമീണർ പറയുന്നു.സർക്കാർ പാവപ്പെട്ടവരെ കളിയാക്കുകയാണെന്നും അവർ പറഞ്ഞു. സർക്കാരിന്റെ സൌജന്യം ലഭിച്ചില്ലെങ്കിലും ഇത്തരമൊരു അപമാനം തങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് വ്യക്തമാക്കി പലരും സ്റ്റിക്കർ എടുത്തുമാറ്റിക്കഴിഞ്ഞു.
മൂന്നംഗങ്ങൾ ഉള്ള കുടുംബത്തിന് മൂന്ന് മാസത്തേക്ക് 15 കിലോ ഗോതമ്പാണ് സർക്കാർ കൊടുക്കുന്നത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളാണ് ബി.പി.എൽ കാറ്റഗറിയിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. പട്ടികജാതി പട്ടികവർഗ ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇവയിലേറെയും.ഞാൻ ദരിദ്രനാണ്’ എന്ന് വീടിനു മുന്നിൽ എഴുതി വെക്കാൻ 750 രൂപ വരെ ഉദ്യോഗസ്ഥർ സഹായം നൽകാമെന്ന് അറിയിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.