വിജിലൻസിന്‍റെ വില്ലേജ് ഓഫിസ് പരിശോധനയിൽ ക്രമക്കേടുകൾ ഏറെ

0
92

സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഈസ്റ്റ്, മീനാട് വില്ലേജ് ഓഫിസുകളിൽ പല അപേക്ഷകളും റജിസ്റ്ററിൽ പതിക്കാതെയും രസീത് നൽകാതെയും സൂക്ഷിച്ചിരിക്കുന്നതായും ഭൂനികുതിയായി പിരിക്കുന്ന പണം യഥാസമയം സർക്കാരിൽ അടക്കാതെ കൈവശം സൂക്ഷിച്ചു വരുന്നതായും കണ്ടെത്തി. കർഷകൻ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫിസിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.

ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി, ചമ്പക്കുളം, കലവൂർ വില്ലേജ് ഓഫിസുകളിലെ റെയ്ഡിൽ 2016 ലെ 37 പോക്കുവരവ് അപേക്ഷകൾ ഉൾപ്പെടെ 157 ഓളം അപേക്ഷകൾ തീർപ്പാക്കാതെ കാണപ്പെട്ടു. തൊടുപുഴ മണക്കാട് വില്ലേജ് ഓഫിസിൽ നടന്ന വിജിലൻസ് റെയ്ഡിൽ വില്ലേജ് അസിസ്റ്റന്റിന്റെ പക്കലുണ്ടായിരുന്ന കണക്കിൽപ്പെടാത്ത 9880 രൂപ കണ്ടെടുത്തു.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, പേട്ട, കരകുളം, മലയിൻകീഴ് എന്നീ വില്ലേജ് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ 135 ഓളം പോക്കുവരവ് അപേക്ഷകൾ സമയപരിധി കഴിഞ്ഞിട്ടും തീർപ്പുകൽപിക്കാതെ കാണപ്പെട്ടു. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വില്ലേജ് ഓഫിസുകളിലും നടത്തിയ മിന്നൽ പരിശോധനയിലും സമാന പ്രശ്‌നങ്ങൾ കണ്ടെത്തി. 32-ഓളം വില്ലേജ് ഓഫീസുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രമക്കേടുകൾ നടക്കുന്നുവെന്ന് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഉച്ചയ്ക്ക് 2.30ഓടെ പരിശോധന ആരംഭിച്ചത്.