സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ തൃശൂര്‍ ജില്ലയില്‍ നടത്തിയ സമരത്തിലൂടെ ലഭിച്ച ഉറപ്പുകള്‍ സംസ്ഥാനത്തെയാതെ നഴ്സുമാരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറെ ചൂഷണം നടക്കുന്ന നഴ്സിങ് മേഖലയില്‍ നിരവധി സമരങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ടെങ്കിലും ഇതുവരെ അവര്‍ക്ക് ഗുണകരമായ ഒരു തീരുമാനം ഉണ്ടാക്കുന്നതിനു സര്‍ക്കാരിനോ സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല. ഇത്തവണ സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പ് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നുവേണം കരുതാന്‍.
ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനം ഇടക്കാലാശ്വാസം അനുവദിക്കാമെന്ന കരാറാണ് സമരം ചെയ്ത നെഴ്സുമാരുടെ സംഘടനയും തൃശൂരിലെ എട്ട് ആശുപത്രികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ഒത്തുതീര്‍പ്പ്. ഇതോടെ നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം 13,000 രൂപയില്‍ കുറയില്ലെന്ന് ഉറപ്പായിട്ടുണ്ട്. തുച്ഛമായ അടിസ്ഥാന ശമ്പളത്തില്‍, 10,000 രൂപയില്‍ താഴെ മാത്രം ശമ്പളമായി വാങ്ങിക്കൊണ്ട് പല ആശുപത്രികളിലും നഴ്സുമാര്‍ ജോലിനോക്കുന്നുണ്ട്. ഈ കരാര്‍ കേരളത്തിലെ നഴ്സിങ് മേഖലയിലെ വേതന നിലവാരത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നുവേണം കരുതാന്‍.
നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മറ്റി 27ന് യോഗം ചേരുന്നുണ്ട്. മാനേജ്മെന്റുകളും നഴ്സുമാരുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം കാരണം പലതവണ അലസിപ്പിരിഞ്ഞ യോഗമാണ് ഇപ്പോള്‍ വീണ്ടും ചേരാന്‍ പോകുന്നത്. അന്ന് ചേരുന്ന യോഗത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് തൊഴില്‍ വകുപ്പും മന്ത്രിമാരും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം മാത്രം വര്‍ധനയെന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റുകള്‍ ഉറച്ചു നിന്നതോടെയാണ് ഇതുവരെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയാതെപോയത്.
ഇപ്പോള്‍ ഒരു ബി.എസ്.സി. നഴ്സിന്റെ അടിസ്ഥാന ശമ്പളം 8975 രൂപയാണ്. 50 ശതമാനം വര്ധനയാകുമ്പോള് ഇത് 13462 രൂപയാകും. ജി.എന്‍.എം. നഴ്സിന്റെ അടിസ്ഥാന ശമ്പളം 8725 രൂപയില്‍നിന്ന് 13087 രൂപയായും ഉയരും. ഈ തുകകള്ക്കൊപ്പം ഡി.എ., ഇ.എസ്.ഐ., പി.എഫ്. എന്നിവയും കൊടുക്കുമ്പോള്‍ നഴ്സുമാരുടെ ശമ്പളം മാന്യമായ നിലയിലേക്കെത്തും.