നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാകിസ്ഥാന്റെ സ്ഥാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. കോണ്‍ഗ്രസില്‍ ബില്‍. ഭീകരവാദത്തെ ഫലപ്രദമായി ചെറുക്കുന്നതില്‍ പാകിസ്ഥാന് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് സെനറ്റര്‍മാരാണ് ബില്ലുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ യു.എസ്. സെനറ്റില്‍ നടക്കുന്ന ഇത്തരത്തിലൊരു നീക്കം ഇന്ത്യയുമായി യു.എസ്. ദൃഡബന്ധമാണ് ആഗ്രഹിക്കുന്നതെന്നതിനുള്ള തെളിവായി വിലയിരുത്തപ്പെടുന്നു.
ജോര്‍ജ് ബുഷാണ് പ്രസിഡന്റായിരിക്കുമ്പോള്‍ 2004ലാണ് പാകിസ്ഥാന് യുഎസിന്റെ നാറ്റോ ഇതര സഖ്യകക്ഷികളില്‍ പ്രമുഖ സ്ഥാനം അനുവദിച്ചത്. ഭീകര സംഘടനകളായ അല്‍ ഖ്വയ്ദക്കും താലിബാനുമെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്. ഈ ലക്ഷ്യം നേടുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ടെഡ് പോ, ഡെമോക്രാറ്റിക് പ്രതിനിധി റിക്ക് നോളന് എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്.