തിരുവനന്തപുരം നഗരവും സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഇടംപിടിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെയും ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മൂന്നാം ഘട്ടത്തില്‍ മുപ്പത് നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി (ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം), നയാ റായ്പുര്‍ (ചത്തീസ്ഗഢിന്റെ പുതിയ തലസ്ഥാനം) എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. തമിഴ്നാട്ടില്‍ നിന്ന് നാല് നഗരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കശ്മീര്‍ സംസ്ഥാനത്തിന്റെ ഇരട്ടതലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും പട്ടികയിലുണ്ട്. ഇതോടെ അമൃത് പദ്ധതി നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം തൊണ്ണൂറായി. 45 നഗരങ്ങളായിരുന്നു മൂന്നാം ഘട്ടത്തിലേക്കായി അപേക്ഷ സമര്‍പ്പിച്ചത്. നാല്‍പ്പത് നഗരങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചത്.
എന്നാല്‍ പശ്ചിമബംഗാള്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ലഭിക്കാഞ്ഞതും അപേക്ഷ നല്കിയ ചില നഗരങ്ങള്‍ക്ക് നിശ്ചിത യോഗ്യത ഇല്ലാത്തത് കൊണ്ടും 30 നഗരങ്ങളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചുള്ളൂവെന്ന് വെങ്കയ്യാ നായിഡു അറിയിച്ചു.
30 നഗരങ്ങള്‍ക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം. നിശ്ചിതശതമാനം തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കുകയും വേണം. 1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ 500 കോടി രൂപ കേന്ദ്രം നല്‍കും 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 50 കോടി രൂപ തിരുവനന്തപുരം നഗരസഭയാണ് നല്‍കേണ്ടത്. അവേശഷിക്കുന്ന തുക സ്വകാര്യനിക്ഷേപമായും കണ്ടെത്തണം. ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് അമൃത്.