മലപ്പുറം: സാഹസിക വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് കോട്ടക്കുന്ന്. ആകാശ നടത്തവും സൈക്ളിങ്ങും സ്കൈ ചലഞ്ചും പെയിന്റ് ബോളും ബോഡി സോര്ബുമായി കോട്ടക്കുന്നില്‍ വരുന്നവര്‍ക്ക് ഇനി കാഴ്ചകള്‍ ഏറെ. ജില്ലാ ടൂറിസം പ്രൊമോഷന് കൌണ്സിലിനുകീഴിലുള്ള പാര്‍ക്കില്‍ ഒരുക്കിയ ആര്‍ടിഫിഷ്യല്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ഇന്ന് രാത്രി ഏഴിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വിനോദസഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും.
ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ സാഹസിക പാര്‍ക്കാണ് കോട്ടക്കുന്നില്‍ ഒരുങ്ങിയത്. കുന്നിന്മുകളില്നിന്നുള്ള ആകാശ കാഴ്ചയാണ് കോട്ടക്കുന്നിന്റെ പ്രത്യേകത. ഇതുപയോഗപ്പെടുത്തിയുള്ള ആകാശ നടത്തമാണ് കൃത്രിമ സാഹസിക പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 32 അടി ഉയരത്തില്‍ ഒരേസമയം 10 പേര്‍ക്ക് നടക്കാവുന്ന ചില്ല് പാലം തയ്യാറാക്കിയിട്ടുണ്ട്. കോട്ടക്കുന്നിലെയും ജില്ലയുടെ പല ഭാഗങ്ങളിലെയും സൂര്യാസ്തമയവും ഇവിടെനിന്ന് കാണാം. 50 അടി ഉയരത്തില്‍ സൈക്കിള്‍ ചവിട്ടാവുന്ന റൈഡും ഒരുങ്ങി. വിദേശ നിര്‍മിത സുരക്ഷാ ഉപകരണങ്ങളാല്‍ സൈക്കിളിനേയും യാത്രികനേയും റോപ്പുമായി ബന്ധിപ്പിച്ചതിനാല്‍ അപകടസാധ്യത ഇല്ല. ഒരേസമയം 30 പേര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ ഹൈറോപ്പ്, കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുകയാണ് സ്കൈ ചലഞ്ചില്‍. 10 പേര്‍ക്ക് കളിക്കാവുന്ന പെയിന്റ് ബുള്ളറ്റുകളും തോക്കും തയ്യാറായിക്കഴിഞ്ഞു.
മലപ്പുറത്തിന്റെ ഹൃദയവികാരമായ ഫുട്ബോള്‍ കളിക്കാനുള്ള ചെറുമൈതാനവും ഈ പാര്‍ക്കില്‍ ഉണ്ട്. തലമുതല്‍ മുട്ടുകാല് വരെ മൂടി നില്ക്കുന്ന കാറ്റ്നിറച്ച വലിയ ബോള്‍ അണിഞ്ഞശേഷം കളിക്കുന്നതാണ് സോര്‍ബ് ബോള്‍. രണ്ടാള്‍ക്ക് കയറാവുന്ന കാറ്റ് നിറച്ച വലിയ ബോളിനുള്ളില്‍ കയറി കളിക്കാവുന്ന സോര്‍ബിങ്ങും ഉണ്ട്. ആര്‍ടിഫിഷ്യല്‍ വാള് ക്ളൈമ്പിങ് ആണ് മറ്റൊരു ഇനം. 2020-ലെ ഒളിമ്പിക്സിലെ മത്സര ഇനമാണിത്. 46 അടി ഉയരത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഭാവിയില്‍ മലപ്പുറത്തെ കുട്ടികള്‍ക്കും ഒളിമ്പിക്സ് എന്ന സ്വപ്നത്തിലേക്ക് കയറാന്‍ വാള് ക്ളൈമ്പിങ് സഹായിക്കും. കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് ഉല്ലസിക്കാനുള്ള അമ്പെയ്ത്ത്, ഡാറട് ബോര്‍ഡ്, പോയിന്റ് ഷൂട്ടിങ് എന്നിവയും തയ്യാറായി. കറങ്ങുന്ന റസ്റ്റോറന്റിന്റെ നിര്‍മാണം നടക്കുകയാണ്.
ദി ബ്രാന്‍ഡ് റൂട്ട് എന്ന സ്ഥാപനമാണ് കോട്ടക്കുന്നില്‍ ഡെയര്‍ ഇന്‍ എന്ന് പേരിട്ടിരിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുക്കിയത്. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരനും പാര്‍ക്ക് എംഡി ഹംസ തറമ്മലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക വിദഗ്ധന്‍ ഐറിഷ് വത്സമ്മയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.