ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐ.ടി. മിഷന് സംസ്ഥാന സര്‍ക്കാരിനു കത്തു നല്കിയതിനെത്തുടര്ന്നാണു നടപടി. ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്നാണു ആവശ്യം.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇന്നു കത്ത് കൈമാറും. ഈ മാസം 30ന് ആധാര്‍പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. ആധാര്‍ പാന്‍ കാര്‍ഡുകളിലെ രേഖകളിലെ വ്യത്യാസം കാരണം ബന്ധിപ്പിക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ അക്ഷയകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സര്‍ക്കാരിനു കൈമാറിയ കത്തില്‍ ഐ.ടി. മിഷന് ചൂണ്ടിക്കാട്ടുന്നു.
ആധാറിലെയും പാനിലെയും വിവരങ്ങള്‍ ഒന്നാണെങ്കില് മാത്രമേ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. പാനിലെയും ആധാറിലെയും പേരിലും മേല്‍വിലാസത്തിലും ജനനത്തീയതിയിലും വ്യത്യാസമുള്ളതായി ചൂണ്ടിക്കാണിച്ചു നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലെത്തുന്നത്. തിരുത്തല്‍ നടപടികള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ അക്ഷയ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ്. പാനിലെയും ആധാറിലെയും വിവരങ്ങളില്‍ മാറ്റമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റ് വഴിയും ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സമയം നീട്ടി നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെടണം’ എന്ന് ഐ.ടി. മിഷന്റെ കത്തില്‍ വ്യക്തമാക്കുന്നു.