ഇന്ത്യ തോറ്റപ്പോള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം: വിദേശത്തുള്ളയാളിന്റെ പേരിലും കേസ്

0
113

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കാസര്‍കോട് പടക്കം പൊട്ടിച്ച് ആഹ്ലാദിച്ചെന്ന പരാതിയില്‍ പൊരുത്തക്കേടുകള്‍. ബി.ജെ.പി നേതാവ് പോലീസിനു ല്‍ നല്‍കിയ പരാതിയില്‍ പറയുന്ന 23 പേരില്‍ ഒരാള്‍ ഗള്‍ഫിലാണെന്നതാണ് കേസ് സംബന്ധിച്ച സംശയങ്ങള്‍ ജനിപ്പിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച നടന്ന ഇന്ത്യ – പാകിസ്ഥാന്‍ ചാമ്ബ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചതില്‍ ഒരു കൂട്ടം യുവാക്കള്‍ പടക്കം പൊട്ടിക്കുകയും പാകിസ്ഥാന് ജയ് വിളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ബി.ജെ.പി. നേതാവ് രാജേഷ് ഷെട്ടിയാണ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയത്. കുമ്ബഡാജെ സ്വദേശികളായ റസാഖ് ചക്കുടല്‍, മഷ്ഹൂദ്, സിറാജ് എന്നിവരടക്കം 23 പേര്‍ക്കെതിരെയാണ് രാജ്യ ദ്രോഹം കുറ്റമെന്നാവശ്യപ്പെട്ട് പരാതി കൊടുത്തത്.

രാജേഷിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു. പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കിലും അത് പാകിസ്ഥാന്‍ വിജയിച്ചതിനാണോ എന്ന് വ്യക്തമല്ലെന്ന് ബദിയഡുക്ക എസ്.ഐ.അമ്പാടി പറഞ്ഞു. ഇവര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെയും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുവാക്കള്‍ ആഘോഷിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഷെട്ടി പറയുന്നു. താന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുറെ യുവാക്കള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ക്രിക്കറ്റ് കാണാറില്ലാത്ത തനിക്ക് അതിന്റെ കാരണം മനസിലായില്ല. വീട്ടിലെത്തിയപ്പോഴാണ് അവര്‍ പാകിസ്ഥാന് ജയ് വിളിച്ചതാണെന്ന് മനസിലായതെന്നും ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കാര്യം ഓര്‍മ വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവമെന്നറിയില്ലായിരുന്നു. അത് കൊണ്ടാണ് പരാതി നല്‍കാന്‍ തിങ്കളാഴ്ച വരെ കാത്തിരുന്നതെന്നും ഷെട്ടി വ്യക്തമാക്കി.

അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാത്വിമത്ത് സുഹറ പറഞ്ഞു. പടക്കം പൊട്ടിച്ചത് പെരുന്നാളിന് മുമ്പുള്ള ആഘോഷമായിട്ടാണ്. അത്തരത്തില്‍ യുവാക്കള്‍ ഇടയ്ക്ക് പടക്കം പൊട്ടിക്കാറുണ്ട്. ബി.ജെ.പി. വെറുതെ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ബി.ജെ.പി. നല്‍കിയ പരാതിയില്‍ പറയുന്ന റസാഖ് ചക്കുടല്‍ ഗള്‍ഫിലാണ്. പിന്നെങ്ങനെ അദ്ദേഹം ഇതില്‍ പങ്കാളിയാകുമെന്നും സുഹറ ചോദിക്കുന്നു.

പക്ഷെ റസാഖിനെ സംഭവ സ്ഥലത്ത് കണ്ടിട്ടുണ്ടെന്നും അയാള്‍ നാട്ടില്‍ തന്നെയുണ്ടെന്നും ഷെട്ടി ആവര്‍ത്തിച്ച് പറയുന്നു. റസാഖ് ഗള്‍ഫില്‍ പോയിട്ടില്ലെന്നുള്ള ഉറപ്പുള്ളത് കൊണ്ടാണ് പരാതിയില്‍ അദ്ദേഹത്തിന്റെ പേരും എഴുതിയതെന്നും ഷെട്ടി വിശദമാക്കി. സംഭവ ദിവസം റസാഖ് നാട്ടിലുണ്ടായിരുന്നില്ലെന്ന കാര്യം വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് പറയുന്നു.

ഇതോടെ കേസ് സംബന്ധിച്ച സങ്കീര്‍ണതകള്‍ തുടരുകയാണ്.