ഇരട്ടപ്പദവി: ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാദം കേള്‍ക്കും

0
86

ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 20 എ.എ.പി. എം.എല്‍.എമാര്‍ക്കെതിരായ പരാതിയില്‍ വാദം കേള്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് തീരുമാനം.

അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എ.എ.പി. എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. 21 എം.എല്‍.എമാര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എം.എല്‍.എ. സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍നിന്ന് ഒഴിവാക്കി.

ആരോപണവിധേയരായ എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചാല്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടിയിലെ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് 2016 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവര്‍ണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്.