ഉത്സവ സീസണിലെ കൂടിയ യാത്രാനിരക്ക്: കേന്ദ്രം ഇടപെടണമെന്ന് കേരളം

0
99

വിമാന കമ്പനികള്‍ ഉത്സവ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ഏര്‍പ്പെടുത്തുന്ന കൂടിയ നിരക്കു തടയാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളം – ഗള്‍ഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണമെന്നും കൂടുതല്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും വേണം. ഉത്സവ-സ്‌കൂള്‍ അവധി സീസണിലെ തിരക്ക് കുറയ്ക്കാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗള്‍ഫ് മേഖലയിലെ വിമാന നിരക്ക് വര്‍ദ്ധനയുടെ പ്രശ്‌നം ഏപ്രില്‍ മാസത്തില്‍ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സിവില്‍ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത് എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.