കരമടച്ചിരുന്ന ഭൂമി വനഭൂമിയായി: ചെമ്പനോട വില്ലേജ് ഓഫീസില്‍ വ്യാപക ക്രമക്കേട്

0
78

കോഴിക്കോട്: കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ചെമ്പനോട വില്ലേജ് ഓഫിസ് രേഖകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഓഫിസിലെ രേഖകളില്‍ വ്യാപക തിരുത്തലുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

കരം സ്വീകരിച്ചു കൊണ്ടിരുന്ന ഭൂമി വനം ഭൂമിയെന്ന് രേഖപ്പെടുത്തിയതായും ഭൂവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കരമടച്ചിരുന്ന ഭൂമിയാണ് വനഭൂമിയായി മാറിയിരിക്കുന്നത്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കരുതുന്നതിനാല്‍ താലൂക്ക് ഓഫിസ് രേഖകളും വിജിലന്‍സ് പരിശോധിക്കും.

ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫിസുകളില്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളിലായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തുകയാണ്.

കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നിരുന്നു.