കര്‍ണാടക നഴ്‌സിങ് കോളേജുകളുടെ അംഗീകാരം പോയി; ഇരുട്ടിലായത് അന്യസംസ്ഥാന വിദ്യാര്‍ഥികള്‍

0
128

കര്‍ണാടകത്തിലെ മുഴുവന്‍ നഴ്സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ കേരളത്തില്‍നിന്നുള്‍പ്പെടെ കര്‍ണാടകയില്‍ നഴ്‌സിങ് പഠനത്തിനായി പോയിട്ടുള്ള വിദ്യാര്‍ഥികളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്.

2017-18 വര്‍ഷത്തെ നഴ്സിങ് കോഴ്സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടിക ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലാണ് കര്‍ണാടകത്തിലെ ഒരൊറ്റ സ്ഥാപനം പോലും ഇല്ലാത്തത്. കഴിഞ്ഞ തവണ 257 കോളേജുകളാണ് കര്‍ണാടകയില്‍നിന്നും ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ നഴ്സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ തോന്നിയപോലെ പ്രവേശനം നടത്താന്‍ കര്‍ണാടകത്തിലെ കോളേജുകള്‍ തയാറായി. ഇതാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം റദ്ദാക്കാന്‍ കാരണമായത്.

ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ഥികളെയാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല. ചുരുക്കത്തില്‍ ജോലി ചെയ്യാനാവുക കര്‍ണാടകയില്‍ മാത്രം. വിദേശത്ത് ജോലി ലഭിക്കാനുളള സാധ്യതയും അവസാനിക്കും. വായ്പയെടുത്ത് പഠിച്ച് അവസാനവര്‍ഷത്തിലേക്ക് എത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.