കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ബി.ജെ.പി. നേതാവ് നോട്ട് നിരോധനകാലത്ത് അഞ്ച് കോടി മാറ്റിയെടുത്തു

0
119

കള്ളനോട്ടടിച്ചിരുന്ന ബി.ജെ.പി. നേതാവ് നോട്ട് നിരോധനക്കാലത്ത് അഞ്ചു കോടിയിലേറെ രൂപ മാറ്റിയെടുത്തു. സംസ്ഥാന ബി.ജെ.പിയിലെ ഒരു ഉന്നത നേതാവിന്റെ പിന്‍തുണയോടെ സ്വകാര്യ ബാങ്കിന്റെ ആറു ശാഖകളിലെ നൂറ് അക്കൗണ്ടുകളിലൂടെയാണ് ഏരാശേരി രാഗേഷ് പണം മാറി നല്‍കിയതെന്നതിന് വ്യക്തമായ സൂചന ലഭിച്ചു. യുവമോര്‍ച്ചാ നേതാവ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷ് കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന്റെ വലയിലായത്.

രാജേഷിനെ ചോദ്യം ചെയ്തതില്‍നിന്നാണ് നോട്ട് നിരോധനക്കാലത്ത് ബി.ജെ.പി. പിന്തുണയോടെ സഹോദരനുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ചു കൃത്യമായ വിവരം ലഭിച്ചത്. കൂലിപ്പണിക്കാരന്റെ മക്കളായ രാജേഷും സഹോദരനും ചെറുപ്പകാലം മുതല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. ആര്‍.എസ്.എസ്. സ്വാധീനം ഉപയോഗിച്ച് ബ്ലേഡ് ഇടപാട് തുടങ്ങി സാമ്പത്തിക പുരോഗതി കൈവരിച്ച ഇവര്‍ ബി.ജെ.പിയുടെ നേതൃത്വത്തിലേയ്ക്കും എത്തി. പിന്നീടാണ് കോയമ്പത്തൂരില്‍ നിന്ന് സംസ്ഥാനത്തേക്ക് കള്ളനോട്ട് എത്തിക്കുന്നതിന്റെ ഇടനിലക്കാരായി ഇവര്‍ വളര്‍ന്നത്.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും എത്തിച്ച അഞ്ചു കോടി രൂപയുടെ കള്ളപ്പണം സ്വകാര്യ ബാങ്കിന്റെ ആറു ശാഖകളിലെ നൂറ് അക്കൗണ്ടുകള്‍ വഴി ഇവര്‍ വെളുപ്പിച്ചെടുത്തെന്നാണ് വ്യക്തമാകുന്നത്. ആക്സിസ് ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും വിവിധ ശാഖലളിലൂടെയാണ് പണം വെളുപ്പിച്ചിരുന്നത്. സംസ്ഥാന ബി.ജെ.പിയിലെ ഉന്നതന്റെ ഇടനിലയിലാണ് അന്യസംസ്ഥാന ലോബി കേരളത്തിലേയ്ക്കും രാഗേഷിന്റെ കൈയിലേയ്ക്കും പണം എത്തിച്ചിരുന്നതെന്നാണ് പറയുന്നത്. ബി.ജെ.പി. സംസ്ഥാന നേതാവ് ഇടനില നിന്നതോടെയാണ് ഇവരുടെ ഇടപാടുകള്‍ തഴച്ചുവളര്‍ന്നതായും ഈ വളര്‍ച്ച പ്രദേശത്ത് ബി.ജെ.പിക്കും ഗുണം ചെയ്‌തെന്നും പറയുന്നു.