കുരിശിന്റെ വഴിയില്‍ ലോകത്തെ നടത്താന്‍ പണമൊഴുക്കുന്ന ജോഷ്വാ …

0
7962

പ്രസാദ്‌ പ്രഭാവതി

രാം നാഥ് കോവിന്ദ് എന്ന കോലി സമുദായക്കാരനെ രാഷ്ട്രപതി സ്ഥാനാർഥി ആയി നിശ്ചയിച്ചത്, ഗുജറാത്തിലെ കോലി സമുദായക്കാരെ കയ്യിലെടുത്ത് ജയിക്കാനുള്ള മോദിയുടെ തന്ത്രമാണ് എന്നൊരു വാദം ഉയർന്നു വന്നിരുന്നു. കോലി എന്ന സമുദായത്തിന് ഗുജറാത്ത് രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള ജനസംഖ്യ ഉണ്ടോ എന്ന ഗൂഗിൾ അന്വേഷണത്തിന് കിട്ടിയ ഉത്തരങ്ങളിൽ ഒന്ന് ജോഷ്വാ പ്രോജക്ട് എന്ന തലക്കെട്ടോടു കൂടിയുള്ളതായിരുന്നു. മുൻപും പല രാഷ്ട്രീയ-മാധ്യമ സുഹൃത്തുക്കളോടും സൂചിപ്പിച്ചിട്ടുള്ള ഒരു വിഷയമായിരുന്നു ജോഷ്വാ പ്രോജക്ട് എങ്കിലും പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ചർച്ച സ്വന്തം സെക്കുലർ മുഖംമൂടിക്ക് മങ്ങൽ ഏൽപ്പിക്കും എന്ന ഭയം ഉള്ളതുകൊണ്ടാകാം,  ഉള്ളതുകൊണ്ട് മാത്രമാണ് ജോഷ്വാ പ്രോജക്ട് എന്ന വിഷയത്തെ കുറിച്ച് പ്രബുദ്ധരെന്നു നടിക്കുന്ന നമ്മുടെ മാധ്യമങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്തതും. എന്താണ് ജോഷ്വാ പ്രോജക്ട്  ?

ജോഷ്വാ – തീർത്തും സമാധാനപൂർണ്ണവും, വളരെ മികച്ച ആസൂത്രണത്തോടെ മുന്നേറുന്നതുമായ മതതീവ്രവാദം എന്ന് തന്നെ വിളിക്കാം ഈ ഇവാഞ്ചലിസ്റ്റ് കർമ്മപദ്ധതിയെ.  ലോക ജനസംഖ്യയുടെ നാല്പതു ശതമാനത്തോളം ജനങ്ങൾ ക്രിസ്തുവിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല. ഇവരെയെല്ലാം ക്രിസ്ത്യാനികൾ ആക്കി ലോകത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് തങ്ങളുടേതെന്നാണ് പരിപാടിയുടെ നടത്തിപ്പുകാർ പറയുന്നത്. ഘർ വാപ്സിക്കാരും, സമാധാന ദൂതന്മാരും മതം വളർത്തുന്ന അതെ ജോലി യാതൊരുവിധ ബഹളങ്ങളും കൂടാതെ കാശിറക്കി ചെയ്യുന്ന ഒരു  പദ്ധതി. കേരളത്തിലെ പരമ്പരാഗത സഭകളോട് ബന്ധം ഇല്ലാത്തവ ആയതുകൊണ്ട് തന്നെ ഇത്തരം കൂട്ടരേ മറ്റു മതസ്ഥരേക്കാൾ ശക്തമായി എതിർക്കുന്നതും കത്തോലിക്കാ സഭകൾ തന്നെയാണ്. ഒരുപക്ഷെ കുരിശു നാട്ടിയും, കുരിശടി നിർമ്മിച്ചും ഭൂമി സ്വന്തമാക്കുന്ന വിദ്യ ഇവർ പഠിച്ചത് കാലങ്ങളായി പ്രസ്തുത വിഷയത്തിൽ കർമ്മനിരതരായ  ക്രിസ്തീയ സഭകളിൽ നിന്നുമാകാം. എന്താണ് ജോഷ്വാ പ്രോജക്ട് എന്ന് സംശയമുള്ളവർക്ക് വളരെ കൃത്യമായി ഉത്തരം നൽകുന്ന വെബ്‌സൈറ്റ് അവർ തന്നെ നിർമ്മിച്ചിട്ടുണ്ട്. യൂ ട്യൂബിൽ വീഡിയോയും ലഭിക്കും.

ജോഷ്വാ പ്രോജക്ടിന്റെ വീഡിയോ കാണാം:

1995 ഇല്‍ ആരംഭിച്ച ഈ പ്രൊജക്റ്റ്‌ ഇരുനൂറ്റി അൻപതോളം  രാജ്യങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തെയും പ്രവർത്തനം  നടക്കുന്നവ, തുടങ്ങിയിട്ടില്ലാത്ത പ്രദേശം എന്നിങ്ങനെ തരംതിരിച്ചു  രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ രാജ്യത്തെയും ജനസംഖ്യ, അതിൽ ഓരോ മതസ്ഥരും എത്ര ശതമാനം എന്നതെല്ലാം വളരെ കൃത്യമായി അവരുടെ വെബ്‌സൈറ്റിൽ നിന്നും മനസ്സിലാക്കുവാനും സാധിക്കും. കേവലം അന്യമതസ്ഥരുടെ എണ്ണം മാത്രമല്ല ജാതിയുടെയും ഉപജാതികളുടെയും പേരുകൾ, അവരുടെ വിവരങ്ങൾ  എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യയിലെ യാദവ് എന്ന വിഭാഗത്തെ കുറിച്ച് ജോഷ്വാ സൈറ്റിൽ ചെന്ന് ചെക്ക് ചെയ്യുക – യാദവരുടെ ചരിത്രം, ജീവിത ശൈലി, വിശ്വാസം, അവർക്ക് വേണ്ടുന്ന ആവശ്യങ്ങൾ എന്നിങ്ങനെ അവരെ സമ്പന്ധിക്കുന്ന സർവ്വ വിവരങ്ങളും, അവരിൽ എത്ര പേരിലേയ്ക്ക് ക്രിസ്തുവിനെ എത്തിക്കാൻ സാധിച്ചു, എത്താത്തവർ എത്ര പേരുണ്ട്, അവരിലേക്ക് ഇറങ്ങി ചെല്ലാൻ ജോഷ്വാ മിഷനറിമാർ എന്തെല്ലാം ചെയ്യണം എന്ന ഉപായവും അടക്കം പ്രതിപാദിച്ചിരിക്കും.

ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ വളർച്ച മുരടിച്ചു പോകുന്നതിനു കാരണമായി പാർട്ടി നേതാക്കളടക്കം  പലരും പറയുന്നത് തദ്ദേശീയമായ ജീവിതശൈലികളോട് പൊരുത്തപ്പെടുന്നൊരു പ്രവർത്തന രീതി സ്വീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നതാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടികൾക്ക്  യഥാക്രമം മാനിഫെസ്റ്റോയോടോ, തദ്ദേശീയമായ സാമൂഹിക ജീവിതത്തോടോ പൊരുത്തപ്പെടാൻ  കഴിവില്ലാതെ രണ്ടിനുമിടയിലുള്ള അവസ്ഥയിൽ പെട്ടുപോയതാണ് അവയുടെ ദുരവസ്ഥയ്ക്ക് കാരണം എന്ന് പറയുന്നതാകും കൂടുതൽ ശരി. ഈ ഒരൊറ്റ വിഷയത്തിൽ  ശ്രദ്ധ ചെലുത്തിയാണ് ഇവാഞ്ചലിസ്റ്റ് ക്രിസ്ത്യൻ മിഷനറിമാർ ഓരോ രാജ്യങ്ങളിലും  വേരുറപ്പിച്ചതും. ഭാരതത്തിലെ കാര്യം തന്നെയെടുത്താൽ  ഓരോ പ്രദേശത്തെയും വിശ്വാസങ്ങൾക്കനുസരിച്ചു ക്രിസ്തീയ പ്രതീകങ്ങളെയും, ആരാധനാ രീതികളെയും അവർ ചിട്ടപ്പെടുത്തി. ആദിവാസി സ്ത്രീയായ മറിയം മുതൽ രാസലീല ആടുന്ന ക്രിസ്തുവടക്കം, വീണ മീട്ടി ക്രിസ്തുവിനെ സ്തുതിക്കുന്ന മീരാ ഭായി വരെയുള്ള പ്രതീകവത്ക്കരണങ്ങൾ അത്തരം മുതലെടുപ്പിന്റെ ഭാഗം മാത്രമായിരുന്നു. ജാതീയതയുടെ പറുദീസയായ ഇന്ത്യയിൽ   സവർണ്ണബോധമുള്ള ബ്രാഹ്മണർക്കായി നിർമ്മിച്ച ക്രൈസ്തവ ബ്രാഹ്മണ സഭയും, ദളിത് അപകർഷതകളെ മുതലെടുക്കുന്ന ദളിത് സഭകളും ഒരേ സമയം നിർമ്മിക്കാൻ ഇവർക്ക് സാധിച്ചു എന്നതിൽ നിന്ന് തന്നെ ജോഷ്വാ പ്രോജക്ട് ആസൂത്രണം ചെയ്തവരുടെ മികവ് മനസ്സിലാകും.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയും, സ്പിരിറ്റ് ഇൻ ജീസസും, യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചും, ഹെവൻലി ഫീസ്റ്റും  എല്ലാം അടങ്ങുന്ന വ്യത്യസ്ത സഭകളും. വ്യത്യസ്തങ്ങളായ നാമങ്ങളിൽ, ആശയങ്ങളിൽ ഇവരെല്ലാം മതം വളർത്തുമ്പോൾ ഇവർക്കെല്ലാം വേണ്ടുന്ന പണം ഒഴുകുന്നത് വിദേശബാങ്കുകളിൽ നിന്നുമാണ്. മതം വളർത്തണം എന്നാഗ്രഹമെല്ലാം ഉണ്ടെങ്കിലും, കർമ്മകുശലതയിൽ ഇവരോളം എത്തില്ല കേരളത്തിലെ പരമ്പരാഗത സഭകൾ. പക്ഷെ ഇവാഞ്ചലിസം ഇന്ത്യയിൽ ശക്തമായതോടെ, അവരുടെ പാത പിന്തുടർന്ന് തദ്ദേശീയ ആചാരങ്ങളെയും, ആഘോഷങ്ങളെയും ദത്തെടുക്കുന്ന ശൈലി കത്തോലിക്കാ സഭകളും ആരംഭിച്ചു. രഥം ഓടിക്കുന്ന ക്രിസ്തുവും, പള്ളികളിലെ കൽവിളക്കും, ദീപാവലി ആഘോഷവും എല്ലാം  ഇവാഞ്ചലിക്കൽ ശൈലിയുടെ പകർത്തിയെഴുത്താണ്. ഓരോ ഇടവകകളിലും ഓരോ വിശുദ്ധനെ സൃഷ്ടിക്കുന്ന പ്രക്രിയയും കത്തോലിക്കാ സഭകൾ ആരംഭിച്ചതും ഇവാഞ്ചലിസ്റ്റുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു തന്നെയാകണം.

ലോകം മുഴുവൻ പള്ളികൾ നിർമ്മിക്കണം എന്നാഗ്രഹിക്കുന്ന ഈ കൂട്ടരുടെ ഔദ്യോഗിക ആസ്ഥാനം അമേരിക്കയിലാണ്. അമേരിക്കൻ മിലിട്ടറി ചെന്നിറങ്ങിയ അക്രൈസ്തവ രാജ്യങ്ങളിൽ എല്ലാം പുറകെ മിഷനറിമാർ ചെന്നിറങ്ങിയതും മറ്റൊന്നും കൊണ്ടായിരിക്കില്ല.
ഇന്ത്യയിലെ ജോഷ്വാ പ്രവർത്തനങ്ങളെ കയ്യയച്ചു സഹായിച്ചത് സാക്ഷാൽ UPA സർക്കാർ  ആയിരുന്നു എന്നതാണ് മറ്റൊരു സത്യം. 2012 ഇൽ വിദേശ മിഷനറികൾക്ക് ഇന്ത്യയിൽ വന്നു പ്രവർത്തിക്കുന്നതിനായി മൂന്നു മാസം കാലാവധി ഉള്ള മിഷനറി വിസകൾ അനുവദിക്കുവാൻ UPA സർക്കാർ തീരുമാനിച്ചു. ഭാരതത്തിനകത്തു മാത്രം പ്രവർത്തിക്കുന്ന വിദേശമിഷനറിമാരുടെ എണ്ണം നാലായിരത്തിലധികവുമാണ്. ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട് കേരളം എന്നീ നാല്  സംസ്ഥാനങ്ങളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് മതം വളര്‍ത്താന്‍ പ്രതിവര്‍ഷം ചെലവാകുന്ന തുക  ഏഴായിരം കോടിയോളം വരും. ഉത്തരാഖണ്ഡ് അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങളിൽ തദ്ദേശീയമായ മറ്റേതു സംഘടനയ്ക്കും അനുമതി നല്കാതിരുന്നപ്പോഴും വിദേശമിഷനറിമാർ സേവനം ചെയ്യുന്നതിനുള്ള അനുമതി നേടിയെടുത്തിരുന്നു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YS രാജശേഖര റെഡ്‌ഡി, മതം മാറിയതിനു ശേഷം സ്വന്തം അധികാരം കൊണ്ട് ഇവാഞ്ചലിസത്തെ സഹായിക്കാൻ പ്രത്യക്ഷത്തിൽ തന്നെ ശ്രമിച്ചിരുന്ന ആളുമായിരുന്നു എന്നത് മറ്റൊരു ചരിത്രം. സർക്കാർ വെബ്‌സൈറ്റിൽ ഔദ്യോഗികമതം ക്രിസ്തുമതം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മിസോറാം, മതേതര ഇന്ത്യയിലെ ഇവാഞ്ചലിക്കൽ ശക്തിപ്രകടനത്തിനു മറ്റൊരു ഉദാഹരണവുമാണ്.

പൊതുവെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായും നല്ല ബന്ധം പുലർത്തുന്നവരുമാണ് ഇവാഞ്ചലിസ്റ്റ് സഭകളുടെ തലവന്മാർ എന്നതും ശ്രദ്ധേയമാണ്. വിവാദങ്ങളുടെ കളിത്തോഴനായ സ്വയം പ്രഖ്യാപിത ബിഷപ്പ് യോഹന്നാൻ പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രം ഭരിക്കുന്ന നേതാക്കളോടും, കേരള മുഖ്യനോടും അടുത്ത ബന്ധമുള്ള ഒരാളും, ഒരു കോൺഗ്രസ് നേതാവിന്റെ സഹോദരനുമാണ്. സ്വർഗീയ വിരുന്നു നൽകാൻ ഓടി നടക്കുന്ന തങ്കുവും രാഷ്ട്രീയ ബന്ധങ്ങളുടെ കാര്യത്തിൽ വിഭിന്നനല്ല. കേരളത്തിലെ തന്നെ ആദിവാസി മേഖലകളിലും, പിന്നോക്ക വിഭാഗങ്ങൾ താമസിക്കുന്ന കോളനികളിലും സഹായഹസ്തവുമായി എത്തുന്നതിനും, അവരുടെ പ്രശ്നങ്ങളെ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നതിനും മിഷനറിയുടെ തന്നെ ഭാഗമായ പലരും രംഗത്ത് വരുന്ന കാഴ്ച ഇപ്പോൾ സ്ഥിരമാണ്.  പക്ഷെ ഇതേ ആളുകളുടെ നേതൃത്വത്തിൽ തന്നെ ആദിവാസി ക്രിസ്ത്യൻ സഭകളും, ദളിത് സഭകളും രുപീകരിക്കപ്പെടുന്ന ചിത്രങ്ങൾ കൂടി കാണുമ്പോഴാണ് സഹായിക്കാൻ നീട്ടിയ കയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന കുരിശുമല വെളിപ്പെടുന്നതും. പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാരുകളുടെ അവഗണന ഇത്തരം മിഷനറിമാർക്ക് കടന്നു ചെല്ലാനുള്ള വേദിയൊരുക്കൽ ആണോ എന്ന്  ജനങ്ങൾ സംശയിച്ചാലും തെറ്റ് പറയാനൊക്കില്ല.

ഭൂഗോളം മുഴുവൻ കീഴടക്കാൻ വെമ്പുന്ന ഇവാഞ്ചലിസ്റ്റ് സഭകളുടെ പ്രവർത്തനങ്ങളെ കുറിച്ച്  ഒരൊറ്റ അന്താരാഷ്‌ട്ര മാധ്യമം പോലും ഒരു വാക്ക് സംസാരിച്ചതായി നാം കണ്ടിട്ടില്ല എന്നത് തന്നെയാണ് സ്വന്തം പദ്ധതിയെ ഫലവത്താക്കാൻ അവർ  വേണ്ടുന്ന ഇടങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവ്. അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ക്യാമറകൾ എല്ലാം ഇസ്ലാമിക തീവ്രവാദം എന്ന ഒരു വാചകത്തിലേയ്ക്ക് തിരിച്ചു വെച്ചുകൊണ്ട്, ആഗോള ജനസംഖ്യയിൽ തങ്ങൾക്കൊപ്പം തന്നെ നിൽക്കുന്നൊരു മതത്തിനു ആദ്യമേ ഒരു മോശം പ്രതിച്ഛായ ഉണ്ടാക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ആ മതത്തിന്റെ കുറ്റമായി പരസ്യവും ചെയ്യപ്പെട്ടു. ഇന്ത്യയിലാകട്ടെ ഹിന്ദു ഫാസിസവും, ഇസ്‌ലാമിക തീവ്രവാദവും രാജ്യത്തെ സമാധാനത്തിനു ഭീഷണി എന്നതായി പരസ്യവാചകം. ഈ രണ്ടു കൂട്ടരുടെയും മതതീവ്രവാദം രാജ്യത്തിനെ പിന്നോട്ട് വലിക്കുന്ന വലിയൊരു ഘടകം തന്നെയാണ് എങ്കിലും, കുരിശുവത്ക്കരണം മാത്രം പറയാതിരിക്കുന്നതിലെ ഹിഡൻ അജണ്ട മനസ്സിലാക്കേണ്ടതുമുണ്ട്. ശിവസേന അടക്കമുള്ള പല കാവി സംഘടനകളും ഇവാഞ്ചലിസ്റ്റുകളിൽ നിന്നും പണം വാങ്ങി മതപരിവർത്തനത്തിന് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും , അവർക്ക് വേണ്ടി വർഗീയ സംഘട്ടനങ്ങൾ നടത്തുകയും  എന്നത് പറയപ്പെടാത്ത മറ്റൊരു സത്യം. ഇന്ത്യയിലെ കാവി സംഘടനകളിലെ നേതാക്കൾ അടക്കം ഭൂരിഭാഗം പ്രവർത്തകർക്കും ഒരേയൊരു മതത്തോട് മാത്രമേ വിദ്വേഷം ഉണ്ടാകാറുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതിനു സമാന്തരമായ സംഗതികളാണ് തീവ്ര ഇസ്‌ലാമിക സംഘടനകളിലും നടക്കുന്നത്. പശുവിന്റെ മക്കളും, സ്വർഗ്ഗത്തിന്റെ ഡീലർമാരും പരസ്പരം അക്രമം അഴിച്ചു വിട്ടു വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെളിവാക്കുമ്പോൾ, വെള്ളരിപ്രാവുകൾ കാശിറക്കി കളിക്കുന്നു.  അയോദ്ധ്യയിൽ കഴിഞ്ഞ 25 വർഷമായി ക്ഷേത്രം പണിതു കൊണ്ടിരിക്കുന്ന കാവിസത്തിനും, ജമാ അത്തെ ഇൻവെസ്റ്റ്മെന്റിൽ നയിക്കപ്പെടുന്ന ഇസ്‌ലാമിക ദേശവൽക്കരണത്തിനും ഒട്ടും താഴെയല്ല ഡോളറുകളുടെ പണക്കിലുക്കത്തിൽ നടക്കുന്ന  കുരിശു യുദ്ധവും. സോഷ്യൽ മീഡിയ വഴിയും, പ്രൈവറ്റ് മെയിലുകൾ വഴിയും, ദൃശ്യാ-ശ്രവ്യ മാധ്യമങ്ങൾ വഴിയുമെല്ലാം 24×7  മതം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന തൊഴിലാളികളുമുണ്ട് ഇവർക്ക് കീഴിൽ. വർഗീയതയിൽ സംഘികളോടും, മൗദൂദികളോടും കിട പിടിക്കുന്ന മനോവ ഓൺലൈൻ തന്നെ ഏറ്റവും മികച്ച ഉദാഹരണം.


ഇവാഞ്ചലിസ്റ്റ് സഭകളുടെ കുരിശുവത്ക്കരണത്തെ കുറിച്ച് പറയുമ്പോൾ പാരമ്പര്യത്തിന്റെ മേന്മ പേറുന്ന പരമ്പരാഗത സഭകളെ കുറിച്ചും പരാമർശിക്കേണ്ടതുണ്ട്. വർഗീയതയുടെ  കാര്യത്തിൽ ഇതര മതങ്ങളിൽ നിന്നും ഒട്ടും മോശമല്ല  ഇന്ത്യയിലെ പരമ്പരാഗത സഭകൾ . അതുകൊണ്ടാണല്ലോ  ഹിസ് ഹൈനസ് മോഡി ഭരണത്തിൽ വന്നിട്ട് പോലും, സമാധാനം സംസാരിക്കുന്ന സഭയെ പേടിച്ച് ഒരു സനൽ ഇടമറുകിന്  വിദേശത്ത് അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നത്.  പള്ളികളും, പള്ളിക്കൂടങ്ങളും എല്ലാമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂമാഫിയ ആയിട്ടാണ് ക്രിസ്തീയ സഭകളും  വളർന്നിട്ടുള്ളത്. സഭ വക ഹോസ്റ്റലുകളിൽ താമസിക്കുന്ന അന്യമതസ്ഥരായ കുട്ടികൾ പോലും നിർബന്ധമായി പ്രാർത്ഥനയ്ക്ക് പങ്കെടുത്തിരിക്കണം എന്നതടക്കമുള്ള പല നിയമങ്ങളും മതേതര കേരളത്തിൽ ചോദ്യം ചെയ്യപ്പെടാതെ നിലവിലുണ്ട്.
അന്യമതങ്ങളുടെ ആരാധനാലയങ്ങളിൽ പോകുന്നവരും, അവിടെ നിന്നുള്ള പ്രസാദങ്ങൾ കഴിക്കുന്നവരും കുമ്പസാരിച്ചു പാപമുക്തി നേടണം എന്നൊരു ലേഖനം ഇടയന്മാർ എഴുതിയിട്ട് ദശാബ്ദം ഒന്ന് പിന്നിട്ടു കഴിഞ്ഞു. സഭകളുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് മുതൽ, ശ്‌മശാനം പോലും നിഷേധിക്കുന്ന ഗോത്രശൈലിയും കേരളത്തിലെ സഭകളിലുണ്ട്. മറ്റു മതസ്ഥരുടെ വിശേഷ ദിവസങ്ങളിൽ വിശ്വാസികൾ പങ്കെടുക്കാതിരിക്കാൻ വേണ്ടി അന്നേ ദിവസം സ്‌പെഷ്യൽ പ്രാർത്ഥന വെയ്ക്കുന്ന ഇടവകകളും, അന്യമതസ്ഥർക്ക് സ്ഥലം വിൽക്കുന്നതിനെതിരെ അപ്രഖ്യാപിത നിയമം ഉള്ള ഇടവകകളും നിരവധി. തൃശൂരിലെ പ്രശസ്തമായ തിയേറ്റർ പത്തു വർഷങ്ങൾക്ക് മുൻപ് അന്നാട്ടിലെ ഒരു കോടീശ്വരൻ വാങ്ങിയത് പോലും, ഇതരമതസ്ഥർ വാങ്ങാൻ പോകുന്നു എന്നറിഞ്ഞതിനെ തുടർന്ന് മതനേതൃത്വം വിളിച്ചു കൂട്ടിയ യോഗത്തിന്റെ ഫലമായിട്ടായിരുന്നു എന്നതും അന്നാട്ടിൽ അങ്ങാടിപ്പാട്ടാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന പ്രധാന വസ്തുത ജനസംഖ്യാ പെരുപ്പം ആണെന്നിരിക്കെ ഓരോ ക്രിസ്ത്യൻ ഭവനങ്ങളിലും മിനിമം നാല് കുട്ടികൾ എങ്കിലും ഉണ്ടാകണം എങ്കിലേ മതം വളരൂ എന്ന  ഉത്തരവിനെ ഇടവകകളിൽ മുഴുവൻ പ്രചരിപ്പിച്ച പാതിരിമാരും മുന്നോട്ടു വെയ്ക്കുന്ന ലക്‌ഷ്യം മതരാഷ്ട്രം സ്വപ്നം കാണുന്ന മതാന്ധബുദ്ധികളിൽ  നിന്നും അന്തരമുള്ളതല്ല.

വിശ്വാസികൾക്കായുള്ള നിയമങ്ങളുടെ കാര്യത്തിൽ ഖാപ് പഞ്ചായത്തുകളെക്കാൾ  ഒട്ടും മോശമല്ല കൃസ്തീയസഭകളും.  കഴിഞ്ഞ വർഷം തൃശ്ശൂർ ഒല്ലൂർ പള്ളി ഇടവകയിലെ ഒരു കുടുംബത്തിനേർപ്പെടുത്തിയ ഊരുവിലക്കും ശ്രദ്ധേയമായിരുന്നു. കാശിന്റെ കണക്കു പറച്ചിലുകളിൽ  സാക്ഷാൽ ഷൈലോക്കിനെക്കാൾ നിഷ്കർഷയും അവർ പുലർത്തുന്നുമുണ്ട്. ക്രിസ്തീയ സഭകളുടെ  നയങ്ങൾക്കെതിരെ ശബ്ദിച്ചാൽ ഏതൊരു മാധ്യമത്തിനും നഷ്ടമാകാൻ പോകുന്നത് വരിക്കാരുടെ എണ്ണത്തിലും, പരസ്യങ്ങളുടെ എണ്ണത്തിലും ഉള്ള ഭീമമായ നഷ്ടമായിരിക്കും എന്നതുകൊണ്ട് തന്നെ ഒരു മാധ്യമവും അതിനു മെനക്കെടാറുമില്ല. ടിപ്പിക്കൽ സംഘി മാധ്യമങ്ങൾ ആയ ജന്മഭൂമിയും, ജനവും വരെ ആ ഒരു കടപ്പാടിൽ നിന്നും മുക്തരുമല്ല. ഓരോ പാർട്ടിയെ കൊണ്ടും തങ്ങൾക്ക് വേണ്ടുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും അവർക്ക് കഴിയാറുമുണ്ട്. ചുരുക്കത്തിൽ ദൈവപുത്രന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് മുഴുവനും സാത്താന്റെ കർമ്മങ്ങൾ തന്നെയാണ്. കള്ളന്മാരെ തല്ലാൻ എടുത്ത ക്രിസ്തുവിന്റെ ചട്ട ഇക്കാലത്തായിരുന്നു എങ്കിൽ ആദ്യം പതിക്കുമായിരുന്നതും ഇവിടുത്തെ സഭാനേതൃത്വങ്ങളുടെ മുതുകിലുമായിരിക്കും.  ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ പ്രമുഖമായ മറ്റു രണ്ടു മതങ്ങളിലും, ഇവാഞ്ചലിസ്റ്റുകളിലും എല്ലാം  വർഗീയത കാണിക്കുന്നത് മതത്തിന്റെ അണികൾ ആണെങ്കിൽ, ക്രിസ്തുമതത്തിലെ തീവ്രവാദികൾ സഭാ മേലധ്യക്ഷന്മാരും, അവരുടെ അടുത്ത ശിങ്കിടികളും മാത്രം ആയിരിക്കും എന്നതാണ്.

മാധ്യമങ്ങൾ മാത്രമല്ല പൊതുജനവും പൊതുവെ ഈ കുരിശുവത്ക്കരണത്തിനെ വിമർശിക്കാൻ ശ്രമിക്കാറില്ല. ഹിന്ദു ജാതീയതയെയും, വർഗീയതയെയും, ഇസ്‌ലാമിക മതാന്ധവാദികളെയും വിമർശിക്കുമ്പോൾ കിട്ടുന്ന മൈലേജ് ഈ വിഷയത്തിന് കിട്ടില്ല എന്നതാണോ, അതോ മുൻപേ പറഞ്ഞത് പോലെ  ക്രിസ്ത്യൻ സഭകളുടെ വർഗീയതയെ വിമർശിച്ചാൽ സ്വന്തം സെക്കുലർ പ്രതിച്ഛായയ്ക്ക് ഇടിവ് സംഭവിക്കും എന്നതാണോ ആളുകളെ വിമർശകരാകുന്നതിൽ നിന്നും വിലക്കുന്നത് എന്നും വ്യക്തമല്ല. ശമ്പളം കൂട്ടി ചോദിച്ച നഴ്‌സുമാർ അടക്കം എതിർപ്പിന്റെ ഓരോ ശബ്ദങ്ങളെയും മതത്തിന്റെ ബലം ഉപയോഗിച്ച് അടിച്ചൊതുക്കുവാനും, അഭയ കേസ് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇടയന്മാരെ രക്ഷിക്കുവാനും സഭ ശ്രമിക്കുമ്പോഴും നമ്മുടെ ജനാതിപത്യ മതേതര നാവുകൾ നിശബ്ദമാണ് എന്നും ഓർക്കണം.ശിവസേനയും, ബജ്‌രംഗികളും അടക്കമുള്ള സംഘപരിവാർ കുട്ടിക്കുരങ്ങന്മാരുടെ ചെയ്തികളെ ഹൈന്ദവവർഗീയതയിൽ കൊട്ടിഘോഷിക്കുന്നവർ, മലപ്പുറത്തൊരു പടക്കം പൊട്ടിയാൽ UAPA വേണമെന്നും, NIA അന്വേഷണം വേണമെന്നും അലമുറയിടുന്നവർ; ഇതേ കൂട്ടരെല്ലാം സർക്കാർ സംവിധാനങ്ങളെ വരെ സ്വാധീനിച്ച് നടത്തുന്ന വൻകിട ഭൂമി കയ്യേറ്റവും, മറ്റു മതവിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രസംഗങ്ങളും ഒന്നും കാണാതെ പോകുന്നതിനു കാരണമെന്താണ് ??

മേൽപ്പറഞ്ഞ വസ്തുതകൾക്ക് ഹൈന്ദവ-ഇസ്‌ലാമിക സമുദായങ്ങളിലെ മതാന്ധ ബുദ്ധികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾ ന്യായീകരിക്കപ്പെടണമെന്നോ, അവർ ശരിയാണെന്നോ ഒരർത്ഥമില്ല. പക്ഷെ രണ്ടു തീവ്രവാദ പക്ഷങ്ങളുടെ ചെയ്തികളുടെ മറവിൽ, മൂന്നാമത്തെ കൂട്ടർ നടത്തുന്ന ചരടുവലികളും, പൊതുസമൂഹത്തിനോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളികളും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. മതാന്ധതയിൽ മുങ്ങിക്കിടക്കുന്ന മതേതരരാഷ്ട്രത്തിന്റെ നുകത്തിൽ കെട്ടിയ കഴുതകൾ തന്നെയാണ് മൂന്നു കൂട്ടരും. ഇവരുടെയെല്ലാം കൃപാകടാക്ഷത്താൽ സാങ്കേതികമായി ഇരുപത്തി രണ്ടാം നൂറ്റാണ്ടിലും, ബൗദ്ധികമായി ക്രി.മു അഞ്ചാം നൂറ്റാണ്ടിലും ജീവിക്കുന്ന ദരിദ്രരാഷ്ട്രം ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല എന്നും വിശ്വസിക്കാം. ഇവരെല്ലാം കൂടി സൃഷ്ടിക്കുന്നതാകും മനുഷ്യകുലത്തിന്റെ ലോകാവസാനവും.

പ്രൈസ് ദി ലോർഡ്‌സ്…