കൊല്ലം ചിതറയില്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ അതിക്രമം. രണ്ട് മണിക്കുറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി വീട്ടമ്മ പോലീസില്‍ പരാതി നല്കി.
വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
കൊല്ലത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിയ്ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.