കോമ്രേഡ് കോർബൈൻ… സാധ്യമാണ്, പുതിയൊരു ലോകം

0
3205

എൻപി

ആണവായുധ ഭീഷണിയുടെ അരികിലെത്തിയാൽ ബ്രിട്ടനെ രക്ഷിക്കാൻ ട്രൈിഡന്റ് മിസൈൽ ഉപയോഗിക്കാൻ താങ്കൾ തയ്യാറാകുമോ?- ബ്രിട്ടീഷ് പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോൾ ബി.ബി.സിയുടെ പ്രതേ്യക പരിപാടിയായ ക്വസ്റ്റ്യൻ ടൈമിൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന ജറമി കോർബൈനോട് സദസിൽ നിന്ന് ചോദ്യം കുതിച്ചു വന്നു. ലോകരാഷ്ട്രീയത്തിന്റെ കലുഷിതമായ അന്തരീക്ഷത്തിൽ ഏത് നേതാവിനും അത്തരം ചോദ്യത്തോട് പ്രതികരിക്കുക അത്യധികം ആയാസകരമാണ്. അസുഖകരമായ ആ ചോദ്യത്തോട് കോർബൈനിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുന്നേ കണ്ടുള്ള അനുരജ്ഞനത്തിലൂടെയും ചർച്ചകളിലൂടെയും ആ ഭീഷണി ഞാൻ കൈകാര്യം ചെയ്യും. ദേശീയവാദികളുടെ ഈ ആഗോള വർത്തമാന കാലത്ത് അത്ഭുതകരമായ ശക്തിയോടെ ചോദ്യം മറ്റൊരു രൂപത്തിൽ തിരിച്ചു വന്നു. ഒരു ആണവാക്രമണം ബ്രിട്ടന് നേരെ ഉണ്ടായാൽ തിരിച്ചടിക്കില്ല?”മറുപടി ശാന്തതയോടെയായിരുന്നു;  ട്രൈഡന്റെ മിസൈൽ നമ്മൾ  ഉപയോഗിച്ചാൽ ലിക്ഷങ്ങളാണ് മരിച്ചു വീഴുക.

പ്രകോപിതരായ വോട്ടർമാർ സദസിൽ നിന്ന് രോഷാകുലരായി തിരിച്ചടിച്ചു. നിങ്ങൾ അത് ചെയ്യില്ലെന്ന് പറയുന്നത് എന്നെ വല്ലാതെ ഉൽക്കണ്ഠപ്പെടുത്തുന്നു.  പ്രാഥമികവും പരമപ്രധാനവുമായി നിങ്ങൾ നോക്കേണ്ടത് ഞങ്ങളുടെ സുരക്ഷയാണ്-ഒരാൾ കയർത്തു.
വടക്കൻ കൊറിയക്കോ ഏതെങ്കിലും ഇറാനിയൻ തെമ്മാടിക്കോ ഞങ്ങളെ ബോംബിട്ട് കൊല്ലാൻ അവസരം സൃഷ്ടിച്ചിട്ട് നിങ്ങൾ പറയുമായിരിക്കും, ഓ,…നമുക്ക് ചർച്ചചെയ്യാം. ചാട്ടുളിപോലെ മറ്റൊരാൾ തോട്ടിയിട്ടു.
ഒരു വേള അവതാരകനും ദേഷ്യം വന്നു- ആണവ ഭീഷണി എന്ന അത്യന്തിക യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് പകരം ഒരു കാല്പനിക സാഹചര്യത്തെക്കുറിച്ച് ആലോചിച്ച് താങ്കൾ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്”-ഡേവിഡ് കോർബൈനെ കുറ്റപ്പെടുത്തി.
സദസിന്റെ ക്ഷോഭം ജറമി കോർബൈനെ തെല്ലും കുലുക്കിയില്ല. ട്രൈഡന്റ് മിസൈലിന്റെ ആദ്യ ഉപയോഗം പൂർണ്ണമായും തള്ളിക്കളഞ്ഞ് അദ്ദേഹം പറഞ്ഞു. മുൻകൂട്ടിയുള്ള അനുരജ്ഞനത്തിലൂടെയും ചർച്ചകളിലൂടെയും ഏത് ഭീഷണിയും പരിഹരിക്കുമെന്നുറപ്പാക്കാൻ എന്നാലാവുന്നതെല്ലം ചെയ്യും.

ലോകത്തെവിടെയെങ്കിലും ആരെങ്കിലും ആണവായുധം ഉപയോഗിക്കാൻ ശ്രമിക്കുന്നത് പൈശാചികവും നിന്ദ്യവുമാണ്”; അദ്ദേഹം കൂട്ടി ചേർത്തു.
അക്രമാത്സുക തീവ്രദേശീയതക്ക് ഒപ്പം നിന്ന് ലോക നേതാക്കന്മാർ വാദിക്കുന്ന ഇക്കാലത്ത് ശാന്തവും സമാധാനപരവുമായ ഈ മറുപടി അത്ഭുതകരമാണ്.  അമേരിക്കൻ മുതലാളിത്തത്തിന്റെ മൂലധനതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്ന ഘട്ടത്തിൽ അതിനെ അപലപിക്കാനും പിന്നീട് അയാളുടെ ബ്രിട്ടൻ സന്ദർശനം റദ്ദാക്കിയതിനെ സ്വാഗതം ചെയ്യാനും ജറമി കോർബൈൻ മുന്നോട്ട് വന്നത് ലോക രാഷ്ട്രീയത്തിന് പ്രത്യാശ പകരുന്ന ചുവടുകളിലൊണ്.  തീരെ പ്രതീക്ഷയില്ലാത്ത രാഷ്ട്രീയകാലാവസ്ഥയിൽ നിന്ന് കോർബൈൻ തെരേസ മേയെ തോല്‌വിക്ക് തുല്യമായ അവസ്ഥയിലെത്തിച്ചത് ലോകത്തിന് പ്രതീക്ഷ പകരുന്നതാണ്; പുതിയൊരു ലോകം സാധ്യമാണെന്ന പ്രതീക്ഷ.

രാഷ്ട്രീയം കോർപ്പറേറ്റ്‌വത്ക്കരിക്കപ്പെട്ട കാലത്ത് സാധാരണക്കാരനായി ജീവിക്കുകയും സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന കോർബൈൻ ലോകരാഷ്ട്രീയത്തിൽ ഒരു പുതുയുഗപ്പിറവിയുടെ വക്താവാണ്.  സ്വന്തമായി കാറില്ലാത്ത, സൈക്കിളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഈ മനുഷ്യൻ 2015-ൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തെ തകിടം മറിച്ച സംഭവമായാണ് എണ്ണപ്പെട്ടത്.  ഇപ്പോൾ തെരേസ മേയെ പരാജയത്തിന് തുല്യമായ വിജയത്തിൽ തളച്ച നേതാവ് ഉന്മാദിയായ ട്രംപ് സൃഷ്ടിക്കാൻ പോകുന്ന ലോകത്തെ എങ്ങനെ വ്യത്യസ്തമാക്കും എന്നതാണ് ഉറ്റുനോക്കുന്നത്.
അധികാരത്തേക്കാളേറെ ആശയസംശുദ്ധതക്ക് മുൻഗണന കൊടുത്തിരുന്ന എൺപതുകളിലെ ലേബർ പാർട്ടിയുടെ ക്ലാസിക്കൽ സ്വഭാവമുള്ള “താടിക്കാരൻ ബുജി” നേതാവ് മാത്രമാണ് എതിരാളികൾക്ക് ഇദ്ദേഹം.

അദ്ദേഹത്തിന്റെ ആരാധകപ്പടയ്ക്ക് പക്ഷെ, ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സത്യസന്ധനായ ഏക നേതാവാണ് കോർബൈൻ.  തങ്ങളെ തകർത്ത് കളഞ്ഞ മാർഗരറ്റ് താച്ചറിന്റെ നവഉദാരീകൃത നയങ്ങൾക്ക് ബദലുണ്ടെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ കഴിയുന്ന നേതാവാണ് കോർബൈൻ എന്ന് അവർ വിശ്വസിക്കുന്നു.   നാല് പതിറ്റാണ്ടായി ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും കൈയിൽ മെഗഫോണുമായി നിറഞ്ഞുനിന്ന നേതാവ്.  ബ്രിട്ടനിലെ രാജഭരണം അവസാനിപ്പിക്കേണ്ട കാലം പണ്ടേ കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന കോർബൈൻ പക്ഷെ, അവിടുത്തെ പ്രതിപക്ഷ നേതാവാകുമെന്ന് ആരും കരുതിയിരുന്നില്ല.  ഇന്നിപ്പോൾ അവർ പ്രതീക്ഷിക്കുന്നത്, അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രി തന്നെയാകുമെന്നാണ്.

ടോണിബ്ലെയർ/ബ്രൗൺ കാലത്ത് ലേബർ പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് അകന്ന് പോയ വലിയൊരു വിഭാഗം യുവാക്കളെ നിർമ്മമനും ജനകീയനുമായ   കോർബൈൻ തിരിച്ച് കൊണ്ടു വന്നു.  അദ്ദേഹം ലേബർ പാർട്ടിയുടെ മുഖ്യധാരയിലേക്ക് വന്നതോടെ മുമ്പ് ലേബർ പാർട്ടിയിൽ നിന്ന് വിട്ടുപോയ നിരവധി  ആളുകൾ മൂന്ന് ഡോളർ കൊടുത്ത് അംഗത്വം പുതുക്കി എന്നത് ഇദ്ദേഹം പകരുന്ന പ്രതീക്ഷയാണ് സൂചിപ്പിക്കുന്നത്.  സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളോടുള്ള വെസ്റ്റ് മിനിസ്റ്റർ രാഷ്ട്രീയത്തിന്റെ തിരിമറികളിലും ശബ്ദ കോലാഹലങ്ങളിലും ചെടിച്ച് പോയ ഇടത്പക്ഷ വോട്ടർമാർക്ക് സോഷ്യലിസ്റ്റ് മൂല്യങ്ങളോടുള്ള കോർബൈന്റെ പ്രതിബദ്ധതയും സ്ഥിതപ്രജ്ഞതയും സ്വീകാര്യമായിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.  അണികളെയും ആരാധകരെയും കൊണ്ട് ഭക്തസംഘമുണ്ടാക്കാൻ ഇതേവരെ ശ്രമിക്കാതിരുന്നിട്ടും വർഷങ്ങളിലൂടെ കോർബൈൻ ബ്രിട്ടീഷ് ഇടതുപക്ഷ മനസിൽ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ടതായാണ് നിരീക്ഷിക്കപ്പെടുന്നത്.
മധ്യവർഗ്ഗ പശ്ചാത്തലത്തിൽ വളർന്ന കോർബൈൻ ഏറ്റവും കുറച്ച് പണം ചെലവാക്കുന്ന എം.പിയാണെന്നത് ജനങ്ങളെ അദ്ദേഹത്തിലേയ്ക്ക് ആകർഷിക്കുന്ന കാര്യമാണ്. അതിലുപരി കോർബൈനും സഖാക്കളും അമേരിക്കൻ സാമ്രാജ്യത്വത്തിനും ഇസ്രായേലിനും എതിരായ എന്ത് പരിപാടികളിലും ഉണ്ടാവും.  അതിന്റെ സംഘാടകരാവും.

സോഷ്യലിസ്റ്റ് ധാരയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ചിലി, ക്യൂബ, നിക്വരാഗ്വ മുതലായ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ അനുകൂലിയാണ് സഖാവ് കോർബൈൻ.  ഇസ്ലാമിക തീവ്രവാദികളായി അറിയപ്പെടുന്ന ഹമാസിന്റെയും ഹിസബെല്ലയുടെയും വേദികളിൽ പങ്കെടുക്കാൻ കോർബൈൻ മടി കാട്ടിയിട്ടില്ല.  ഇതിന്റെ പേരിൽ കുറ്റപ്പെടുത്തിയവരോട് താൻ അവരുടെ കാഴ്ചപ്പാടുകളെ എതിർക്കുന്നുണ്ടെങ്കിലും അവരുമായി ഡയലോഗിൽ ഏർപ്പെടേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ലേബർ പാർട്ടിയുടെ ഔദേ്യാഗിക വിഭാഗം പാർലമെന്റിൽ അദ്ദേഹത്തെ ഒതുക്കാൻ ശ്രമിച്ചപ്പോഴൊക്കെ, നമ്മുടെ വി.എസിനെ പോലെ പുറത്ത് അദ്ദേഹം ജനപ്രിയനാകുകയായിരുന്നു.  ആ ജനപ്രിയതയാണ് കോർബൈനെ പ്രതിപക്ഷ നേതാവാക്കി ഉയർത്തിയത്.
കോർപ്പറേറ്റുകൾക്ക് വൻതോതിൽ നികുതി ചുമത്തണമെന്ന നിലപാടുകാരനായ കോർബൈൻ ചെറു സംരഭകരുടെ സുഹൃത്താണ്.  കോർപ്പേററ്റുകളുടെ  നികുതി കുറച്ചതിന് പ്രധാനമന്ത്രി തെരേസാ മേയുടെ കടുത്ത വിമർശകനാണ് കോർബൈൻ.

ബദലുകളില്ല, അത് കൊണ്ട് മുതലാളിത്തം മാത്രമാണ് ആശ്രയം എന്ന കോർപ്പറേറ്റ് ആപ്തവാക്യത്തിന്റെ തകർച്ചയാണ് ജറമി കോർബൈന്റെ കുതിച്ച്കയറ്റത്തോടെ കാണാനാവുന്നത്.  മൂലധനമല്ല മാനവികതയാണ് ലോകത്തുണ്ടാവേണ്ടതെന്നും അതുണ്ടെങ്കിൽ മൂലധനം തനിയെ സൃഷ്ടിക്കപ്പെടുമെന്നുമുള്ള സന്ദേശമാണ് ബ്രിട്ടിഷ് തെരഞ്ഞെടുപ്പിലെ കോർബൈ നിന്റെ വിജയം ലോകത്തോട് പറയുന്നത്.  പുതിയൊരു ലോകം സാധ്യമാണെന്ന് തന്നെ.