കർഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെതിരെ പ്രേരണക്കുറ്റം ചുമത്തി

0
90

കൈവശ ഭൂമിയുടെ കരം സ്വീകരിക്കാഞ്ഞതിനെ തുടർന്ന് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നിൽ കർഷകനായ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. മറ്റ് ഉദ്യോഗസ്ഥന്മാർക്കെതിരേയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കർഷകന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പേരാമ്പ്ര സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

സംഭവത്തിൽ ഉപലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെമ്പനോട് വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ കെ ഒ സണ്ണി, മുൻ വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രൻ സ്വമേധയാ കേസെടുത്തത്.

ശനിയാഴ്ച രാവിലെ ജോയിയുടെ കുടുംബങ്ങളെ റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസമാണ് കൈവശഭൂമിക്ക് കരം സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്.