ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കർശന ഉപാധികൾ വെച്ചതിനു പിന്നാലെ, ഖത്തറിനെ ഗൾഫ് കൂട്ടായ്മയിൽ നിന്ന് മാറ്റിനിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സൗദി അനുകൂല രാജ്യങ്ങൾ. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്റിലൂടെയാണ് ഇതു സംബന്ധിച്ച് ഖത്തറിന് ശക്തമായ താക്കീത് നൽകിയത്.
ഖത്തര്‍ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ഗൗരവത്തോടെ കാണണമെന്നും ഇറാനോ തുര്‍ക്കിയോ ലെബനാണോ അല്ല നമ്മുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സ്ഥലങ്ങളെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അന്‍വര്‍ ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി. മേഖലയിലെ തീവ്രവാദ സാന്നിധ്യം ഖത്തര്‍ തീരെ ഗൗരവമായി കാണുന്നില്ല. പലതും ചോര്ത്തികൊടുത്തും മാധ്യമങ്ങളില്‍ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ചും രാഷ്ട്രീയ കുട്ടിക്കളിയാണ് ഖത്തര്‍ ഇപ്പോള്‍ നടത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടു പോയാല്‍ ഖത്തറിന് എന്നന്നേക്കുമായി ഗള്‍ഫ് രാജ്യങ്ങള്‍ വേര്പെടുത്തുമെന്നും അന്‍വര്‍ ഗര്‍ഗാഷ് ഓര്‍മിപ്പിച്ചു.
അതേസമയം, ഖത്തര്‍ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയം ആണെന്നും കുവൈറ്റ് മധ്യസ്ഥം വഹിക്കുന്നുണ്ടെന്നും അമേരിക്കയിലെ യുഎഇ അംബാസിഡര്‍ വ്യക്തമാക്കി. മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഇടപെടാമെന്ന അമേരിക്കയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു യുഎഇ അംബാസിഡര്‍.
ഖത്തറുമായുള്ള പ്രശ്നം നയപരവും സാമ്പത്തികവുമായ നിലയില്‍ നേരിടുമെന്നും സൈനിക നടപടി ഉണ്ടാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.