ചെമ്പനോട കര്‍ഷക ആത്മഹത്യ : ആരാണ് മുനീർ പയ്യോളി ?

0
117

 

വില്ലേജ് ഓഫീസ് ജീവനക്കാര്‍ വസ്തുക്കരം വാങ്ങാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മുനീര്‍ പയ്യോളിയെ തിരഞ്ഞു നാട്ടുകാരും അധികാരികളും.മരിച്ച ജോയിയുടെ ഭൂമി തന്റേതാണെന്നും അത് തട്ടിയെടുക്കാൻ ജോയി ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുനീർ പയ്യോളിയെന്നയാൾ ജോയിക്കെതിരെ പരാതി കൊടുത്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാത്രമാണ് നാട്ടുകാരും ജോയിയുടെ കുടുംബവും അറിയുന്നത്.

ആരാണ് മുനീർ പയ്യോളിയെന്നത് വില്ലേജ് അധികൃതർക്ക് മാത്രമല്ലാതെ ആർക്കും അറിയുകയുമില്ല. ജോയിയുടെ ഭൂമിക്ക് അദ്ദേഹം അറിയാതെ കരമടച്ചത് മൂനീറായിരിക്കാമെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം നിലവിൽ സസ്‌പെൻഷനിലായ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനും മറ്റ് വില്ലേജ് ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നിട്ടും ഇതിന് കൂട്ടു നിന്നതിന് സിലീഷിനൊപ്പം മൂനീറിനെയും കണ്ടെത്തി നരഹത്യ അടക്കമുള്ള കാര്യങ്ങൾക്ക് കേസെടുക്കണമെന്നാണ് നാട്ടുാകാർ പറയുന്നത്. റവന്യൂ മന്ത്രിയുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി അടക്കമുള്ളവർ വില്ലേജ് ഓഫീസിൽ എത്തി രേഖകൾ പരിശോധിച്ചുവെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാൻ താലൂക്ക് ഓഫീസിൽ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വിജിലൻസ് അധികൃതർ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട് ജോയി എന്ന കർഷകന്റെ ഭൂമിക്ക് കരമടച്ച് നൽകിയില്ല എന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യത്തിന് ജോയിയുടെ മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരം നൽകാൻ ഇന്നും ചെമ്പനോട വില്ലേജ് ഓഫീസ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിജിലൻസ്, റവന്യൂ അധികൃതർ അടക്കമുള്ള ആളുകളും നാട്ടുകാരും വെള്ളിയാഴ്ചയും വില്ലേജ് ഓഫീസിലെത്തി വില്ലേജ് അധികൃതരോട് കാര്യങ്ങൾ തിരക്കിയെങ്കിലും ഇതിനുള്ള കാരണം വ്യക്തമായി ഇന്നും ഇവർക്ക് പറഞ്ഞ് കൊടുക്കാനായിട്ടില്ലെന്നാതാണ് യാഥാർഥ്യം.

താൻ വർഷങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിയിൽ 80 സെന്റ് മാത്രമായിരുന്നു ഭാര്യ മോളി തോമസിന്റെ പേരിൽ ജോയി മാറ്റി എഴുതിയത്. തൽക്കാലത്തേക്ക് കരമടക്കുകയും ചെയ്ത് പോന്നതായിരുന്നു. പക്ഷെ ഇതിൽ ആ 80 സെന്റ് ഭൂമി മാത്രം റവന്യൂഭൂമിയെന്ന നിലപാടിലേക്ക് വില്ലേജ് അധികൃതർ എത്തുകയായിരുന്നുവെന്ന് സ്ഥലത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഷൈല ജയിംസ് ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇതുവരെ കരമടച്ച് പോന്നിരുന്ന ജോയി കൈവശം വെച്ച് പോന്നിരുന്ന സ്ഥലത്തെ മാത്രം എങ്ങനെ ഒരു സുപ്രഭാതത്തിൽ റവന്യൂഭൂമി ആയെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇവർക്ക് മറുപടി കൊടുക്കാനുമാവുന്നില്ല.

ജോയിയുടെ ഭൂരേഖകൾ നാട്ടുകാർക്ക് കാണിക്കാതെ വില്ലേജ് ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഇതിന് വില്ലേജ് അധികൃതർ തയ്യാറായെങ്കിലും ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്ന് വില്ലേജ് അധികൃതർക്കും സമ്മതിക്കേണ്ടി വന്നുവെന്നതാണ് യാഥാർഥ്യം. ഒരു സ്ഥലത്തിന് ഒറ്റ സർവെ നമ്പറെ പാടുള്ളൂവെങ്കിലും വില്ലേജിലെ രേഖയിൽ രണ്ട് സർവെ നമ്പറിലാണ് ഭൂമിയുള്ളത്. ഇതിന് വ്യക്തതയുണ്ടാവേണ്ടതുണ്ടെങ്കിലും താലൂക്ക് ഓഫീസിൽ കൂടി നടത്തുന്ന പരിശോധനയ്ക്ക് ശേഷമേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അത് മാത്രമല്ല ജോയിയുടെ കൈവശമുള്ള സ്ഥലത്തിൽ ജോയി അറിയാതെ ആരോ ഒരാൾ കൃത്യമായി കരമടച്ച് പോരുകയും ചെയ്തു. പക്ഷെ ഇക്കാര്യം ജോയിയെ വില്ലേജ് അധികൃതരോ ബന്ധപ്പെട്ടവരോ കൃത്യമായി അറിയിച്ചുമില്ല. പ്രശ്‌നം രൂക്ഷമായതോടെ 10 ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ അദാലത്ത് വെച്ച് നാട്ടുകാരുടെ ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന അസിസ്റ്റന്റ് തഹസിൽദാർ ലതീഷ്,ഡെപ്യൂട്ടി തഹസിൽദാർ ചന്ദ്രൻ എന്നിവർ നാട്ടുകാർക്ക് വാക്ക് നൽകിയെങ്കിലും ഇനിയും ഉദ്യോഗസ്ഥരുടെ വാക്ക് പാഴ്വാക്കാവില്ലെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.