ജി.എസ്.ടി. വിലക്കയറ്റത്തിന് കാരണമാകില്ല; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

0
109

ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജി.എസ്.ടി. വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ച് ലാഭമെടുക്കാനുള്ള ശ്രമം ചില വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവാം. ഇത് ഒഴിവാക്കാന്‍ അമിതലാഭം തടയുന്നതിനുള്ള വകുപ്പ് ജി.എസ്.ടി. ചട്ടങ്ങളിലുണ്ട്. ചരക്കുസേവന നികുതി നടപ്പാക്കുന്നത് പൊതുവെ കേരളത്തിന് ഗുണം ചെയ്യും. ജി.എസ്.ടി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് എറണാകുളത്ത് ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. വൈകിട്ട് മൂന്നുമുതല്‍ ആറുവരെയാണ് ഉദ്ഘാടനസമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി ഉപയോഗിക്കും. വ്യാപാരികള്‍ ഉള്‍പ്പെടെ ആര്‍ക്കും ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ മുന്‍കൂട്ടി postgsquiostn@kerala.gvo.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഉദ്ഘാടനസമ്മേളനത്തില്‍ രേഖാമൂലം മറുപടിയും നല്‍കും.

ഉപഭോഗം നടക്കുന്ന സംസ്ഥാനമാണ് നികുതി പിരിവിന്റെ അടിസ്ഥാനമെന്നതിനാല്‍ ജി.എസ്.ടി. കേരളത്തിന് ഗുണകരമാവും. വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ നികുതിവരുമാനം പ്രതിവര്‍ഷം 20 ശതമാനം വര്‍ധിക്കും. ആദ്യവര്‍ഷം 14 ശതമാനം നികുതിവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതിവരുമാനം ഗണ്യമായി വര്‍ധിക്കും. എക്‌സൈസ് നികുതി, സേവന നികുതി, വാറ്റ് എന്നിവ ഏകോപിപ്പിക്കുന്നതിനാല്‍ നികുതി വരുമാനം വര്‍ധിക്കും. മൊത്തം നികുതിഭാരം കുറയുന്നതിനാല്‍ അതിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും.

ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ ഇ-വേ ബില്‍ സംവിധാനം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന അതിര്‍ത്തികളിലെ വാണിജ്യനികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതാവും. എന്നാല്‍ അതിനുള്ള സാങ്കേതിക പശ്ചാത്തലമായില്ല. സോഫ്‌റ്റ്വെയര്‍ പൂര്‍ണസജ്ജമാകാന്‍ അഞ്ചുമാസത്തോളം വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതുവരെ ചെക്‌പോസ്റ്റ് സംവിധാനം തുടരും. ചെക്‌പോസ്റ്റുകളില്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന ഉണ്ടാവില്ല. ചെക്‌പോസ്റ്റില്‍ ഇന്‍വോയ്‌സ് (സാധന വിവരപട്ടിക) കാണിച്ചാല്‍ മതി. അനുമതി വാങ്ങേണ്ടതില്ല.

ജിഎസ്ടി നടപ്പാക്കുന്നതോടെ പലവിധ നികുതി ഒഴിവാകും. രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന വരുന്നത് കച്ചവടം വഴിതിരിച്ചുവിടുന്നത് ഒഴിവാക്കപ്പെടും. സുതാര്യവും അഴിമതി രഹിതവുമായ നികുതിഘടന നിലവില്‍ വരുമെന്നും മന്ത്രി ഐകസ് പറഞ്ഞു.