നടന്റെ 22 കോടിയുടെ സ്വത്തിന് ബിനാമിയാണെന്ന മൊഴി: ആക്രമിക്കപ്പെട്ട നടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
101

പ്രമുഖ നടന്‍ തന്റെ പേരില്‍ ബിനാമി സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാറില്‍ അക്രമിക്കപ്പെട്ട നടിയോട് നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പ് നോട്ടീസയച്ചു. നടന്‍ സാമ്പത്തിക കുറ്റകൃത്യം നടത്തി എന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയെ കൂടി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തും. സാമ്പത്തിക കുറ്റകൃത്യം നടന്നു എന്നു ബോധ്യപ്പെടുത്ത നടിയുടെ മൊഴി പൊലീസാണ് നികുതി വകുപ്പിന് കൈമാറിയത്. 183, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദായനികുതി വകുപ്പ് കേസ് എടുത്തിരിക്കുന്നത്.

നടന്റെ 22 കോടി രൂപയുടെ ബിനാമി സ്വത്ത് തന്റെ പേരിലുണ്ടെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ പ്രമുഖ നടന്റെയും, സംവിധായകന്റെയും സഹനടന്റെയും പേരില്‍ ഇത്തരത്തില്‍ ആക്രമണത്തിന്റെ ഗൂഡാലോചന നടത്തിയ നടന്റെ ബിനാമി സ്വത്തുണ്ടെന്ന വിവരവും ആദായ നികുതി വകുപ്പിനു ലഭിച്ചിട്ടണ്ട്.

കേസില്‍ ആദ്യ ചാര്‍ജ് ഷീറ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ എടുത്ത രണ്ടാം മൊഴിയിലാണ് നടന്റെ ബിനാമി സ്വത്ത് അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ നടി പോലീസിനു മുന്നില്‍ വെളിപ്പെടുത്തിയത്. പ്രമുഖ നടനുമായി തനിക്കു പല ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. നടന്റെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താന്‍ പങ്കാളിയാണ്. കൊച്ചി, തിരുവന്തപുരം, തൃശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായ നികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം ഇടപാടുകള്‍ നടന്‍ ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഈ സ്വത്തുകള്‍ നടന്റെ പങ്കാളിയായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താന്‍ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താന്‍ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നല്‍കുകയോ ചെയ്യൂവെന്നും താന്‍ നിര്‍ബന്ധം പിടിച്ചതായും നടി നല്‍കിയ മൊഴിയില്‍ വ്യക്തമായി പറയുന്നുണ്ട്.

ആക്രമിക്കപ്പെട്ട ശേഷം നടി നല്‍കിയ ആദ്യ മൊഴിയില്‍ ഈ നടനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ലായെങ്കിലും രണ്ടാമത് നല്‍കിയ മൊഴിയില്‍ അങ്ങനെയല്ല. പ്രമുഖനും സംവിധായകനും തന്നെ വരുതിയില്‍ നിര്‍ത്താന്‍ പല ആവര്‍ത്തി പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലുള്ള പല സുഹൃത്തുക്കളിലൂടെ തന്നെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. തന്നെ സിനിമയില്‍ നിന്നും പുറത്താക്കുവാനും പലരോടും ഈ നടന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികള്‍ ഒന്നും ഫലം കാണാത്തതിനാല്‍ ആയിരിക്കാം നടന്‍ തന്നെ അപായപ്പെടുത്താനുള്ള ക്രൂരതയ്ക്ക് ശ്രമിച്ചതെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ രണ്ടാമത്തെ മൊഴിയില്‍ ഉള്ളത്.