പത്ത് വര്‍ഷം മുമ്പുള്ള ചിത്രമെടുത്ത് കേരളത്തിനെതിരേ ചര്‍ച്ച ചെയ്ത് ടൈംസ് നൗ

0
116

പത്ത് വര്‍ഷം മുമ്പ് തന്നെ വ്യാജമെന്ന് തെളിഞ്ഞ ചിത്രത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ ഭീകരവാദ ശ്രമങ്ങളെന്ന് സ്ഥാപിക്കാനുള്ള ശ്രമവുമായി ടൈംസ് നൗ ചാനല്‍. ഹിന്ദു മതസ്ഥരായ പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ക്കുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നതായി സ്ഥാപിക്കാന്‍ ഇന്നലെ ചാനല്‍ അവതാരകന്‍, പ്രൈം ടൈം ചര്‍ച്ചയില്‍ ഉപയോഗിച്ച ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ്പ് ചിത്രമാണെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ തുടരുന്നതിനിടെയാണ് വ്യാജ വാര്‍ത്തയുമായി ടൈംസ് നൗ വീണ്ടും എത്തിയത്. ഇന്ത്യയുടെ ഗാസയായ കേരളം എന്നാണ് ചാനലിന്റെ ട്വീറ്റുകളില്‍ വിശേഷിപ്പിക്കുന്നതും.

കാസര്‍കോടുള്ള ട്യൂഷന്‍ ക്ലാസുകളിലും പരിശീലന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച്, ഹിന്ദു മതസ്ഥരായ വിദ്യാര്‍ഥികളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ പ്രലോഭന ശ്രമങ്ങളുണ്ടെന്ന് സ്ഥാപിക്കാനാണ് വ്യാജ കാര്‍ഡിനെ ആശ്രയിച്ച് ടൈംസ് നൗ ചര്‍ച്ച നടത്തിയത്. ഹിന്ദു മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായാണ് കാര്‍ഡില്‍. ചാനലിന്റെ ചീഫ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കറാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ അര്‍ണബ് ഗോസ്വാമിയായിരുന്നു ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയുടെ അവതാരകന്‍.

ഒരു ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് സ്ഥാപിക്കുന്നതിനായാണ് ചാനല്‍ അവതാരകന്‍ ഉപയോഗിച്ച കാര്‍ഡ് വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപ, പഞ്ചാബി സിഖ് പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് ഏഴ് ലക്ഷം രൂപ, ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് നാലര ലക്ഷം രൂപ, ഒ.ബി.സി., എസ്.സി., എസ്.ടി. പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് രണ്ട് ലക്ഷം രൂപ, ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് ഒന്നര ലക്ഷം രൂപ, ജെയിന്‍ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് മൂന്ന് ലക്ഷം രൂപ, റോമന്‍ കത്തോലിക്കാ പെണ്‍കുട്ടിയെ മതം മാറ്റാന്‍ നാല് ലക്ഷം രൂപ എന്നിങ്ങനെയാണ് നിങ്ങളുടെ വിശ്വാസത്തിന് വിലയിട്ടിരിക്കുന്നതെന്ന് അവതാരകന്‍ വാദിക്കുന്നു. ചാനലിന്റെ സൂപ്പര്‍ എക്‌സിക്ലൂസീവ് വാര്‍ത്തയായാണ് ഇത് അവതരിപ്പിച്ചത്. #CaliphateConvertsHindus എന്ന ഹാഷ്ടാഗ് പ്രചരണവും തുടങ്ങിയിട്ടുണ്ട് ചാനല്‍.

ഏറെ നാളുകളിലായി വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്ന കാര്‍ഡാണ് ചാനല്‍ ചര്‍ച്ചാ വിഷയമായെടുത്തത്. നേരത്തെ അഹമദാബാദ് മിറര്‍ എന്ന മാധ്യമം ഇതേ കാര്‍ഡുപയോഗിച്ച് മതപരിവര്‍ത്തനത്തെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് മറ്റ് ചില ദേശീയ മാധ്യമങ്ങളും ഇതേ വാര്‍ത്ത നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില സൈറ്റുകളിലും കാര്‍ഡിനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു. ഹിന്ദുത്വ.ഇന്‍ഫോ, ജാഗ്രൂക് ഭാരത്, ഹിന്ദു എക്‌സിറ്റന്‍സ് എന്നിങ്ങനെയുള്ള സൈറ്റുകളില്‍ 2016 ഫെബ്രുവരിയില്‍ തന്നെ ഈ കാര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. ശിവസേന മുഖപത്രം ‘സാമ്‌ന’ 2010ല്‍ ഇതേ വാര്‍ത്ത നല്‍കിയിരുന്നു.

2010 ഫെബ്രുവരിയില്‍ സിഖ് ആന്റ് ഇസ്ലാം എന്ന ബ്ലോഗിലാണ് ആദ്യം ഈ കാര്‍ഡ് പ്രത്യക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചാനല്‍ തെളിവായി കാണിച്ച റേറ്റ് കാര്‍ഡിന്റെ കളര്‍ ചിത്രമാണ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി വന്‍ തുക വാഗ്ദാനം ചെയ്യുന്നതായി കാണിക്കാന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കാര്‍ഡില്‍ ഇസ്ലാമിക ഉദ്ദരണികള്‍ തെറ്റായാണ് അച്ചടിച്ചിരിക്കുന്നത് എന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇസ്ലാമിക സംഘടനകള്‍ പുറത്തിറക്കുന്ന ലഘുലേഖയില്‍ അത്തരം ഒരു തെറ്റ് കടന്ന് വരില്ലെന്ന് സൂചിപ്പിച്ചായിരുന്നു ഇത്.

ഇതേ കാര്‍ഡും സന്ദേശവും മുന്‍നിര്‍ത്തിയാണ് ചാനല്‍ എക്‌സ്‌ക്ലൂസീവ് ചര്‍ച്ച സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.