പനി കുട്ടികളെ കീഴ്‌പ്പെടുത്തിയാല്‍ ചെയ്യേണ്ടത്…

0
189
പനി ഏറ്റവും കൂടുതല്‍ കീഴ്‌പ്പെടുത്തുന്നത് കുട്ടികളെയാണ്. മഴവെള്ളത്തില്‍ കളിക്കുന്നതും കൂടുതല്‍ പൊടിപ്പടലങ്ങള്‍ ഏല്ക്കുന്നതും കുട്ടികളെയാണ്  . അത് കൊണ്ടു തന്നെ കുട്ടികൾ വേഗം പനിക്ക് കീഴടങ്ങുകയും ചെയ്യുന്നു. പരിസരശുചിത്വമില്ലായ്മയാണ് രോഗം പിടിപെടാനുള്ള പ്രധാന കാരണം.  ഇത് പെട്ടെന്നു ബാധിക്കുന്നതും കുട്ടികളിലാണ്. എല്ലാ പനികളും അപകടകാരികളല്ലെങ്കില്‍പോലും ഡെങ്കിപ്പനിപോലുള്ള രോഗങ്ങള്‍ അപകടകാരികളാണ്.
ജലദോഷപ്പനിയാണെങ്കില്‍പോലും പ്രാരംഭത്തില്‍ തന്നെ സ്വയം ചികിത്സ കണ്ടെത്താതെ വൈദ്യചികിത്സ നേടുന്നതാവും ഏറ്റവും ഉചിതം. മൂന്നു ദിവസംവരെ ജലദോഷം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണുന്നതാകും ഉത്തമം. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതുകാരണം രോഗം രൂക്ഷമാകാന്‍ കാരണമാകുന്നു.അത് കൊണ്ട് തന്നെ രോഗബാധിതനായ കുട്ടിക്ക്  ആവശ്യമായ വിശ്രമമം നൽകുകയാണ് ഏറ്റവും ഉചിതം.
പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന,ഛര്‍ദ്ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ.
പനി ഉള്ളസമയത്ത് കുട്ടികള്‍ക്ക്  ബേക്കറി സാധനങ്ങളോ ജങ്ക് ഫുഡുകളോ നല്‍കുവാന്‍ പാടുള്ളതല്ല. വ്യക്തിത്വശുചിത്വം പാലിക്കുകയും ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുകയും ചെയ്യണം.
പനിയിള്ള സമയത്തു തണുപ്പേല്ക്കാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുത്ത ഭക്ഷണമോ പഴനീരുകളോ നല്കുവാന്‍ പാടില്ല. പകരം ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്കാം.
ദഹനത്തെ ബാധിക്കുന്ന ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള്‍ തുടങ്ങിയവ ഒഴുവാക്കണം. ഇവ പനികൂട്ടുവാന്‍ ഇടയാകും. ജലാംശം  അധികമുള്ള ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്.
പനിയുള്ള അവസരത്തില്‍ കുട്ടിയെ തണുത്തവെള്ളത്തില്‍ കുളിപ്പിക്കാതിരിക്കുക. ചെറുചൂടുവെള്ളമുപയോഗിച്ച് ശരീരം തുടയ്ക്കുന്നതാവും ഉത്തമം.മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ അമ്മമാര്‍ പനി വരാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
ഒരിക്കല്‍ ഡെങ്കിപ്പനി വന്നു എന്നു കരുതി പിന്നീട് വരില്ലായെന്നു ആശ്വസിക്കേണ്ടതില്ല. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗുരുതരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും.