നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബി.എ.ടി.) എത്തിയത് തലയില്‍ ക്യാമറയും കെട്ടിവച്ച്. ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് മൃതദേഹം വികൃതമാക്കുന്നതിനായിട്ടാണ് ഇവര്‍ പ്രത്യേകം തയാറാക്കിയ പിച്ചാത്തിയുമായി എത്തിയതെന്നാണ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാണ് തലയില്‍ ക്യാമറ പിടിപ്പിച്ചിരുന്നതെന്നും കരുതുന്നു. പാക് സൈനിക വിഭാഗമായ ബി.എ.ടിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഭീകരരെയും ഉള്‍പ്പെടുത്തുന്നതായി ആക്ഷേപമുണ്ട്.
പൂഞ്ച് മേഖലയിലാണ് കഴിഞ്ഞ ദിവസം നുഴഞ്ഞു കയറ്റത്തിനു ബി.എ.ടി. അംഗങ്ങള്‍ ശ്രമിച്ചത്. ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് 600 മീറ്ററോളം കടന്ന ഒരു നുഴഞ്ഞുകയറ്റക്കാരന് ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. സാരമായി പരുക്കേറ്റ ഒരാളെ ബി.എ.ടി. അവരുടെ ക്യാമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഗുല്‍പുര്‍ സെക്ടറില്‍ നടത്തിയ പരിശോധനയ്ക്കിടെ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം കണ്ടെത്തിയതായും അത് ലോക്കല്‍ പോലീസിനു കൈമാറിയെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ മേഖലയില്‍ ഇതു മൂന്നാം തവണയാണു പാക്ക് നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കുന്നത്. നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മറാഠാ ലൈറ്റ് ഇന്‍ഫെന്‍ട്രിയിലെ ജാദവ് സന്ദീപ് സര്‍ജിറാവു, മാനം സവാന്‍ ബല്‍ക്കു എന്നിവരാണു മരിച്ചത്. നുഴഞ്ഞുകയറ്റക്കാരും പാക് പോസ്റ്റിലെ സൈനികരും ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്തിരുന്നു.