പൾസറിന്റെ സഹതടവുകാരനെതിരെ ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി

0
104

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സുനിയുടെ സഹതടവുകാരനെതിരെ ദിലീപും നാദിർഷയും പരാതി നൽകി. വിഷ്ണു ഒരു കോടി രൂപ ആവശ്യപ്പെട്ടതായും, തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ് ഡിജിപിക്ക് പരാതി നൽകി. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഡിജിപിക്ക് കൈമാറി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്ക് ദിലീപ് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. അമേരിക്കയിൽ ദിലീപ് ഷോയ്ക്ക് പോകുന്നതിനു മുമ്പ് കോടികൾ ചോദിച്ച് നാദിർഷയെയും മാനേജർ അപ്പുണ്ണിയെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ ദിലീപ് പൊലീസിനു കൈമാറി.

നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും ‌അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഇൗ പുതിയ വഴിത്തിരിവ് യഥാർഥ പ്രതികളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.