മലയാളി വൈദികനെ സ്കോട്ലന്ഡില് ദുരൂഹസാഹചര്യത്തില്‍ കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം. എഡിന്‍ബറ രൂപതയിലെ ഫാല്‍കിര്‍ക് ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. മാര്ട്ടിന് വാഴച്ചിറയെയാണ് കാണാതായത്. ഫാ.മാര്‍ട്ടിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശങ്ക.
വൈദികനെ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് എഡിന്‍ബറ ബിഷപ്പാണ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ അറിയിച്ചത്. രണ്ടു ദിവസം മുന്‍പ് പള്ളിയും പള്ളിമുറിയും തുറന്നുകിടക്കുന്നത് മൊഴികളുണ്ട്. പഴ്സും പാസ്പോര്‍ട്ടും മറ്റു വസ്തുക്കളും മുറിയില്‍ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോഷ്ടാക്കളുടെ സാന്നിധ്യം പൊലീസ് തള്ളിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വരെ മാര്‍ട്ടിനെ ഫോണില്‍ ലഭിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച മൂത്ത സഹോദരന് വിളിച്ചെങ്കിലും വൈദികന് ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
വൈദികനെ കണ്ടെത്താനായുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെന്നാണ് പൊലീസിന്റെയും പ്രാഥമികനിഗമനം.
ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം ഞെട്ടലോടെയാണ് ഫാ. മാർട്ടിനെ കാണാതായ വിവരം ശ്രവിച്ചത്. വിവിധ പള്ളികളിലും പ്രാർഥന കൂട്ടായ്മകളിലും ഫാ. മാർട്ടിനുവേണ്ടി പ്രത്യേകം പ്രാർഥനകളും സംഘടിപ്പിച്ചു. കേരളത്തിൽനിന്നും സിഎംഐ സഭാ അധികൃതർ എഡിൻബറോ ബിഷപ്പുമായും വികാരി ജനറാളുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരായുന്നുണ്ട്. ഫാ. മാട്ടിൻ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാർഥിക്കണമെന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് അഭ്യർഥിച്ചു.