യുവമോര്‍ച്ച നേതാവിന്‍റെ കള്ളനോട്ടടി : അന്വേഷണം കേരളത്തിന് പുറത്തേക്കും

0
172

യുവമോര്‍ച്ചാ നേതാവ് കൊടുങ്ങല്ലൂരിലെ വീട്ടിൽ കള്ളനോട്ട് അടിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കേരളത്തിനു പുറത്തേക്കും. കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് എരാശ്ശേരി രാകേഷ് ഗൾഫിൽനിന്നു മടങ്ങിയശേഷം ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്നു. ഇയാളുടെ ഇവിടങ്ങളിലുള്ള ഇടപാടുകളും ബന്ധങ്ങളും അന്വേഷിക്കും.

വ്യാഴാഴ്ച വീട്ടിൽ പോലീസ് പരിശോധന നടത്തുമ്പോൾ തിരുവനന്തപുരത്തായിരുന്ന ഇയാളുടെ സഹോദരൻ ഒ.ബി.സി. മോർച്ച മണ്ഡലം സെക്രട്ടറി രാജീവിനെ പോലീസ് കേസിൽ രണ്ടാം പ്രതിയാക്കി. ഇയാൾക്കായി തിരിച്ചിൽ ഊർജിതമാക്കി. സംഭവം അറിഞ്ഞയുടൻ ഇയാൾ കേരളം വിട്ടതായി പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.രാകേഷിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നത് രാജീവനാണെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം രാകേഷിന്റെ അടുത്ത സുഹൃത്തുക്കളും സഹചാരികളുമായ പത്തോളംപേർ പോലീസ് നിരീക്ഷണത്തിലാണ്.

നോട്ട് അസാധുവാക്കിയതിനുശേഷം 16 കോടി രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാൻ കൊടുങ്ങല്ലൂരെത്തിയ വ്യാപാരിയെയും മകനെയും ബന്ദിയാക്കി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. രാകേഷ് നാലുവർഷം ഗൾഫിലായിരുന്നു. രണ്ടുവർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇടയ്ക്ക് കുറച്ചുകാലം ഡൽഹിയിലും മുംബൈയിലും താമസിച്ചിരുന്നു. ഡൽഹിയിൽ സാമ്പത്തികത്തിരിമറി നടത്തിയശേഷമാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽനിന്ന് ഭീഷണിയുണ്ടായിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി.യിൽ ചേർന്നതെന്നാണ് വിവരം.കേസിൽ അറസ്റ്റിലായ രാകേഷിനെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. ഇയാളെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റി. രാകേഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ സി.ഐ. പി.സി. ബിജുകുമാർ കോടതിയിൽ അപേക്ഷനൽകി. അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി വ്യാഴാഴ്ച മതിലകം പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടി കണ്ടെത്തിയത്. ശ്രീനാരായണപുരം അഞ്ചാപരുത്തി പടിഞ്ഞാറുഭാഗത്തുള്ള രാകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിൽനിന്നാണ് 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും പണം പലിശയ്ക്കുകൊടുത്തതുമായി ബന്ധപ്പെട്ട് മുദ്രപ്പേപ്പറുകളും ആധാരത്തിന്റെ കോപ്പികളും രണ്ടു ചെക്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു.