കോട്ടയം: നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര കല്യാണത്തിന് പിന്നാലെ വിവാദമായി മറ്റൊരു ആഢംബര വിവാഹം കൂടി. ഇത്തവണ യുവ നേതാവാണ് കുടുങ്ങിയിരിക്കുന്നത് . എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുണ്‍കുമാറിന്റെ വിവാഹമാണ് പാര്‍ട്ടിയിലെ പുതിയ ചര്‍ച്ച.
വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. വെങ്ങാനൂര്‍ നീലകേശി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സി.പി.ഐയിലെയും യുവജന സംഘടനകളിലെയും പ്രമുഖ നേതാക്കളെല്ലാം അണിനിരന്ന വിവാഹത്തില്‍ വധു എത്തിയത് സ്വര്‍ണത്താല്‍ മൂടിയാണ്. തിരുവനന്തപുരത്ത് വിവാഹത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് തന്നെ ആലപ്പുഴയില്‍ ഗംഭീരമായ റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
ഭക്ഷ്യമന്ത്രി പി.തിലോത്തമന്, മുതിര്‍ന്ന നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.ഇ.ഇസ്മയില്‍ തുടങ്ങിയ പ്രമുഖരെല്ലാം ആലപ്പുഴയിലെ ചടങ്ങുകള്‍ക്ക് സന്നിഹിതരായിരുന്നു. വിവാഹത്തിന് പിന്നാലെ യുവനേതാവും വധുവും നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് അണികള്‍ വിമര്‍ശനം തുടങ്ങിയത്. ആഡംബര വിവാഹത്തെ പരിഹസിച്ച് പാര്‍ട്ടി അണികള്‍ തന്നെ രംഗത്തുവന്നതും ആലപ്പുഴ സി.പി.ഐയില്‍ ചര്‍ച്ചയായിട്ടുണ്ട്.