സഖാവ് കാനം, നിങ്ങൾ ആദ്യം പൊളിക്കേണ്ടത് പാവപ്പെട്ടവന്റെ നെഞ്ചത്തെ അഴിമതിക്കുരിശല്ലേ..?

0
985

എം. അബ്ദുൾ റഷീദ്

ചെമ്പനോട വില്ലേജ്ഓഫിസ് വരാന്തയിൽ ജോയി എന്ന ഗതികെട്ട കർഷകൻ ഒരുമുഴം കയറിൽ സ്വന്തം ജീവൻ പിടച്ചുതീർത്തൊരു സമരം നടത്തി.
കേരളത്തിലെ ബഹുഭൂരിപക്ഷം വില്ലേജ്ഓഫിസുകളിലും വില്ലേജ്ഓഫിസർ, വില്ലേജ് അസിസ്റ്റൻറ് എന്നൊക്കെയുള്ള ഉദ്യോഗപേരുകളിൽ ശവം തിന്നാൻ കാത്തിരിക്കുന്ന സകല കഴുകന്മാർക്കുമുള്ള ഒരു ബലിയായിരുന്നു ജോയി നടത്തിയത്. ആ പാവത്തിന്റെ 80 സെന്റ് ഭൂമിയുടെ കരമായ 65 രൂപ സ്വീകരിക്കാൻ അയാൾക്ക് സ്വന്തം ജീവൻതന്നെ കരമായി കൊടുക്കേണ്ടി വന്നു.

കേരളത്തിലെ ‘മുഖ്യ പ്രതിപക്ഷ നേതാവായ’ സഖാവ് കാനം രാജേന്ദ്രൻ ഒന്നും പറഞ്ഞുകണ്ടില്ല.
ഭൂമിയുടെ കരം അടയ്ക്കാൻ രണ്ടു തവണയിൽ കൂടുതൽ ഒരാൾ വില്ലേജ്ഓഫിസിൽ ക‌യറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുതെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്യാഗസ്ഥരോട് ആവശ്യപ്പെട്ടതായി പത്രത്തിൽ കണ്ടു. പിറ്റേന്നുതന്നെ വിജിലൻസ് കുറെ വില്ലേജ്ഓഫിസുകളിൽ അവരുടെ ‘ചടങ്ങു പരിശോധന’ നടത്തുകയും ചെയ്തു.
പക്ഷെ, ഇനിയൊരു ജോയി ഉണ്ടാവാതിരിക്കാൻ ഇത്ര മതിയോ?

കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ, ഉന്നതതല അഴിമതികൾ കാര്യമായി കുറയുകയും പകരം താഴേത്തട്ടു അഴിമതി വ്യാപകമാവുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഈ താഴെത്തട്ടു അഴിമതിയുടെ ഏറ്റവും വലിയ പൂരപ്പറമ്പുകൾ ആണ് നമ്മുടെ വില്ലേജ് ഓഫിസുകൾ. കാരണം ഏതൊരു പാവപ്പെട്ടവനും എന്ത് ആനുകൂല്യത്തിനും ആവശ്യമായ അടിസ്ഥാന സാക്ഷ്യപത്രങ്ങൾ മുഴുവൻ നൽകുന്നത് വില്ലേജ് ഓഫീസറാണ്. പൗരന്റെ കൈവശഭൂമിയുടെ അടിസ്ഥാന രേഖകൾ മുഴുവൻ വില്ലേജോഫിസിന്റെ നിയന്ത്രണത്തിലാണ്.

കണ്ണൂരിൽ അർഹതപ്പെട്ട പട്ടയം നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ച പയ്യാവൂര്‍ വില്ലേജ് ഒാഫീസര്‍ എം.പി. സെയ്ദ് കഴിഞ്ഞയാഴ്ചയാണ് പിടിയിലായത്.

ജലവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം ഭൂവുടമകൾക്കു നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് കോടതി തടവിന് ശിക്ഷിച്ചത് കഴിഞ്ഞ മാസമാണ്.
ഇടുക്കി അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസർ ആർ. രാജേഷ്, വില്ലേജ് അസിസ്റ്റന്റ് എൻ.കെ. അനിരുദ്ധൻ, ഇടുക്കി കലക്ടറേറ്റിലെ എൽഡിസി ജോസി ജോസഫ് എന്നിവരാണ്
പട്ടിണിപാവങ്ങൾക്കു ഭൂമിക്കു കിട്ടിയ പൈസ നൽകണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ വീതം കൈക്കൂലി വേണം എന്ന് ചോദിച്ചത്.

ഭൂമി പോക്ക് വരവ് നടത്തുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അയ്യംമ്പുഴ വില്ലേജ് ഓഫിസര്‍ ആര്‍ സുധീർ പിടിയിലായതും അടുത്തിടെയാണ്. കിടങ്ങൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ. ബിജുമോനെയും വില്ലേജ് അസിസ്റ്റന്റ് എബ്രഹാം തോമസിനേയും കഴിഞ്ഞ വർഷം വിജിലൻസ് പിടിച്ചത് പോക്കുവരവിന് മൂവായിരം രൂപയും ഫുൾ ബോട്ടിലും ആവശ്യപ്പെട്ടതിനാണ്.

ഇതൊക്കെ പിടിവീണ ചെറിയ ഉദാഹരണങ്ങൾ മാത്രം.
ബുദ്ധിമോശം കാട്ടിയ കുഞ്ഞുമീനുകൾ.
സ്രാവുകൾ എല്ലാം പുറത്തുതന്നെയുണ്ട്.
അവർക്കു അറിയാം ഒരു വിജിലൻസും പിടിക്കാതെ, ഇരു ചെവി അറിയാതെ എങ്ങനെ ജനത്തെ പിഴിയണമെന്ന്.
കൈക്കൂലി നേരിട്ടു വാങ്ങൽ ഒക്കെ എന്നേ നിന്നു. ഇപ്പോൾ മിക്കയിടത്തും ഏജന്റിന് കൈമാറിയാൽ മതി. ബിനാമി അകൗണ്ടുകളിൽ ഓൺലൈനായി സ്വീകരിക്കുന്ന വില്ലേജ് ഓഫീസർമാർപോലും ഉണ്ട്. അല്ലെങ്കിൽ ചിട്ടിക്കാരന് കൊടുത്താൽ മതി. അതുമല്ലെങ്കിൽ വില്ലേജ് ഓഫിസിനു മുന്നിലെ തട്ടുകടക്കാരന് കൈമാറണം.

കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി റവന്യുവകുപ്പിലാണെന്നു കണ്ടെത്തിയത് വിജിലൻസ് ആണ്. പട്ടിണിപാവങ്ങളുടെ ആയിരക്കണക്കിന് അപേക്ഷകള്‍ വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്.
കൈക്കൂലിക്കു വഴങ്ങാത്തവന്റെ ഏതു അപേക്ഷയും പൂഴ്ത്തപ്പെടും. സര്‍ക്കാര്‍ ഭൂമിയും വനം വകുപ്പിന്റെ ഭൂമിയും തീറെഴുതി കൊടുക്കുന്ന കാട്ടുകള്ളന്മാർവരെ ഉണ്ട്. ഭൂമിയുടെ രേഖകളിൽ കൃത്രിമം കേരളത്തിൽ ഇന്ന് പതിവാണ്. കൈക്കൂലി വാങ്ങി സ്വകാര്യ ഭൂമികള്‍പോലും താല്പര്യമുള്ളവര്‍ക്കുവേണ്ടി കൂട്ടിച്ചേര്‍ത്ത് നല്കുന്നതായി പരാതിയുണ്ട്.

വില്ലേജ് ഓഫീസിനുതന്നെ തീയിടുക എന്നതാണ് വെള്ളറടയിൽ ഒരു ഗതികെട്ട മനുഷ്യൻ ചെയ്തത്. ചെമ്പനോടയിൽ ജോയി എന്ന പാവത്തിന് ആ ധൈര്യം ഉണ്ടായില്ല. ഇനി നാളെ സഹികെട്ട ഏതെങ്കിലും ഒരാൾ വില്ലേജ് ഉദ്യോഗസ്ഥരേത്തന്നെ കത്തിച്ചു എന്നും വരാം.

അത്രത്തോളം മുങ്ങിനിൽക്കുകയാണ് സഖാവ് കാനത്തിന്റെ പാർട്ടി ഭരിയ്ക്കുന്ന റവന്യു വകുപ്പ്, അഴിമതിക്കുണ്ടിൽ.
അവിടെ ഒന്നും ശരിയായിട്ടില്ല, അല്പം പോലും..!
നിസ്സഹായരായ മനുഷ്യരുടെ നെഞ്ചത്ത് കാട്ടാളന്മാർ നാട്ടിവെച്ചിരിക്കുന്ന ഈ അഴിമതിക്കുരിശൊന്നു പൊളിച്ചുമാറ്റൂ, സഖാവേ ആദ്യം.
പിന്നീടാവാം വിപ്ലവ വായാടിത്തം!