സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപാധികള്‍ യുക്തിരഹിതമെന്ന് ഖത്തര്‍

0
95

ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ യുക്തിരഹിതമെന്ന് ഖത്തര്‍. ഇതോടെ പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകില്ലെന്നുറപ്പായി. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ ജസീറ അടച്ചുപൂട്ടുകയെന്നതുള്‍പ്പെടെ 13 ഉപാധികളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സൗദിയും കൂട്ടരും മുന്നോട്ടുവച്ചത്. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വഴിയാണ് ഇവര്‍ ഉപാധികള്‍ ഖത്തറിനു കൈമാറിയത്.

സൗദി ആറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്‌റെയ്ന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്തിനു മുന്നില്‍ 13 ഉപാധികള്‍ വച്ചത്. ഉപാധികളിന്‍മേലുള്ള തീരുമാനം അറിയിക്കാന്‍ 10 ദിവസത്തെ സമയമാണ് ഇവര്‍ ഖത്തറിനു നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഉപാധികള്‍ തള്ളിയും നിലപാട് കടുപ്പിച്ചും ഖത്തര്‍ രംഗത്തെത്തിയത്.