അനാവശ്യ അവധി അനുവദിക്കില്ല; നേരത്തെ ഒ.പി. അവസാനിപ്പിച്ചാലും കര്‍ശന നടപടിയെന്ന് മന്ത്രി

0
209

നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് ജില്ലയിലെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിലയിടങ്ങളില്‍ നേരത്തെ ഒ.പി നിര്‍ത്തി പോകുന്നതും അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്നും പിരിഞ്ഞു പോകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് ഇതിന് അര്‍ഥമില്ല. നിലവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവവന്‍ സമയ ചികിത്സ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.