കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കും

0
76

കൊച്ചി മെട്രോയിലെ ട്രാന്‍സ്ജെന്‍ഡര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് ഭിന്നലിംഗക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ചുമതല നല്‍കിയെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

താമസ സൗകര്യമില്ലാത്തതു പ്രധാന കാരണമായി ചൂണ്ടിക്കാട്ടി കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരില്‍ നിരവധിപേര്‍ ജോലി ഉപേക്ഷിച്ചു പോയിരുന്നു. മറ്റുള്ളവരും ഇതേ പാതയിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ കൊട്ടിഘോഷിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ജോലി നല്‍കിയെങ്കിലും അത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അവര്‍ ഉപേക്ഷിച്ചുപോകുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടല്‍.

കൊച്ചി കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍ നോട്ടത്തിലുള്ള ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസം സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചാണ് കെ.എം.ആര്‍.എല്‍. ആലോചിക്കുന്നത്. ഇവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.

ആദ്യഘട്ടത്തില്‍ 23 ഭിന്നലിംഗക്കാരെയാണ് മെട്രോയില്‍ ജോലിക്ക് തെരഞ്ഞെടുത്തത്. ഇതില്‍ 12 പേര്‍മാത്രമാണ് സ്ഥിരമായി ജോലിക്കെത്തിയിരുന്നത്.