കൊല്ലത്തെ സദാചാര പോലീസ്‌ മര്‍ദനം: അന്വേഷണം തുടങ്ങി

0
95

വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും കെട്ടിയിട്ട് മര്‍ദിച്ച സംഭവം ഒടുവില്‍ പോലീസ് അന്വേഷിക്കുന്നു. വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാനെ നേരത്തെ പോലീസ് മാറ്റിവച്ചിരുന്നു. ഇതേതുടര്‍ന്ന് വീട്ടമ്മ റൂറല്‍ എസ്.പിക്കു പരാതി നല്‍കിയിരുന്നു.

സംഭവം ഇപ്പോള്‍ പുനലൂര്‍ എ.എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കൊട്ടാരക്കര വനിത സെല്‍ സി.ഐ. സ്ഥലത്തെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലം ജില്ലയിലെ ചിതറയില്‍ 43 വയസുള്ള സ്ത്രീയെയും മകന്റെ സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. യുവാവിന്റെ പരാതിയില്‍ മാത്രം കേസെടുത്ത പോലീസ് പിടികൂടിയ ഏഴുപേരെയും ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായതോടെയാണ് പോലീസ് ഉണര്‍ന്നത്. സംഭവത്തില്‍ വനിത കമ്മിഷന്‍ അടക്കം ഇടപെടുകയും ചെയ്തു.

കടയ്ക്കല്‍ സി.ഐ. ആണ് കേസ് അന്വേഷിക്കുന്നത്.